ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം,ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; എല്ലാവരും മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍

0

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ജനുവരി 14ന് കസ്റ്റഡിയിലെടുത്ത ഇവര്‍ ഇതുവരെ ഏകാന്ത തടവിലായിരുന്നു. കസ്റ്റഡിയിലെടുത്ത വിവരം സെപ്തംബറിലാണ് ദോഹയിലെ ഇന്ത്യന്‍ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരായ കുറ്റകൃത്യമെന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന ഒരു സ്വകാര്യ സ്ഥാപനമായ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്യുന്ന ഇവര്‍ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ശിക്ഷിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിന്റെ ശിക്ഷാവിധിയില്‍ ഇന്ത്യ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തി. നാവികസേനയിലെ ഒഫിസര്‍ റാങ്കിലുണ്ടായിരുന്ന ഒരാളുള്‍ക്കുള്‍പ്പെടെ എതിരെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2019ല്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന് അവാര്‍ഡിന് അര്‍ഹനായ പുരേന്ദു തിവാരിയും ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു.

എട്ട് പേരുടേയും കുടുംബാംഗങ്ങളുമായും അവരുടെ അഭിഭാഷകരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വധശിക്ഷ എന്നാണ് നടപ്പിലാക്കുകയെന്നോ കുറ്റകൃത്യങ്ങളും വകുപ്പുകളും ഏതെന്നോ കുറ്റം എത്രമാത്രം ഗൗരവമുള്ളതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഖത്തര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ചാരവൃത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെടുന്നതെന്ന സ്ഥിരീകരിക്കാത്ത വിവരം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഖത്തറോ വിദേശകാര്യമന്ത്രാലയോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്കും ഒപ്പം ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, സിഡിആര്‍ അമിത് നാഗ്പാല്‍, സിഡിആര്‍ പൂര്‍ണേന്ദു തിവാരി, സിഡിആര്‍ സുഗുണാകര്‍ പകല, സിഡിആര്‍ സഞ്ജീവ് ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here