യുപിഐ പണമിടപാടുകളിൽ പരാതിയുണ്ടായാൽ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കരുത്; ഹൈക്കോടതി

0

കൊച്ചി: യുപിഐ വഴിയുള്ള പണമിടപാടുകളിൽ പരാതിയുണ്ടായാൽ ബന്ധപ്പെട്ട അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കരുതെന്നും പരാതിയുള്ള തുകയുടെ ഇടപാടുകൾമാത്രം മരവിപ്പിച്ചാൽ മതിയെന്നും ഹൈക്കോടതി. പരാതിക്കാർ ചെറുകിട കച്ചവടക്കാരാണെന്നത്‌ കണക്കിലെടുത്താണ്‌ പരാതിയുള്ള തുകയുടെ ഇടപാടുമാത്രം മരവിപ്പിച്ചാൽ മതിയെന്ന് കോടതി നിർദേശിച്ചത്‌. നാഷണൽ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ പരാതി ലഭിച്ചെന്ന കാരണത്താൽ അക്കൗണ്ടുകൾ മരവിപ്പിച്ചത്‌ ചോദ്യംചെയ്ത്‌ നൽകിയ ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിർദേശം.

സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമായുള്ള ഇടപാടുകൾ നടന്നത്‌ അക്കൗണ്ട്‌ ഉടമയുടെ അറിവോടെയാണോയെന്ന്‌ വ്യക്തമാകുംവരെ ഇവരെ കുറ്റക്കാരായി കാണാനാകില്ല. അതിനാൽ അക്കൗണ്ട്‌ വഴി മറ്റിടപാടുകൾ നടത്താൻ അനുവദിക്കണം. അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന പണമിടപാടെന്ന നിലയിൽ യുപിഐ ഇടപാടുകൾക്ക്‌ കൃത്യമായ സുരക്ഷാസംവിധാനം വേണമെന്നും കോടതി വ്യക്തമാക്കി.

യുപിഐ പണമിടപാടുകളുമായി ബന്ധപ്പെട്ട്‌ ഇതരസംസ്ഥാന പൊലീസിൽനിന്ന്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ റിപ്പോർട്ടുകൂടി പരിഗണിച്ചാണ്‌ ഹർജിക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്‌. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കേണ്ടത് പൊലീസാണെന്ന്‌ കേന്ദ്രസർക്കാർ വിശദീകരിച്ചു. അക്കൗണ്ട് മരവിപ്പിച്ചത്‌ തുടരേണ്ടതുണ്ടോയെന്ന് പൊലീസ് അറിയിക്കണമെന്നും പൊലീസ് റിപ്പോർട്ട് ബാങ്കുകൾക്ക് നൽകിയിട്ടില്ലെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

Leave a Reply