ആലുവയിലെ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചത് മലയാളി; ആ പെൺകുട്ടിക്ക് ജീവൻ തിരിച്ചു കിട്ടാൻ കാരണമായത് നാട്ടുകാരുടെ സമയോചിത ഇടപെടൽ; നിലവിളി കേട്ട് പ്രദേശവാസികൾ പിന്തുടർന്നത് നിർണ്ണായകമായി; കുട്ടി അപകടനില തരണം ചെയ്തു; പ്രതിയെ തിരിച്ചറിഞ്ഞ് ഇരയും; മലയാളിയാണ് പ്രതിയെന്ന് ഉറപ്പിച്ചത് സിസിടിവി

0

കൊച്ചി: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പ്രദേശവാസി തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. അമ്മ ഉണർന്നപ്പോൾ പെൺകുട്ടിയെ ഉറങ്ങിക്കിടന്ന സ്ഥലത്തു കാണാത്തതിനെ തുടർന്ന് ഉറക്കെ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ പരിശോധന നടത്തുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തുനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. ചോരയൊലിച്ച് നഗ്നയായാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തിൽ പരുക്കേറ്റ പെൺകുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

പുലർച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാൾ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടുവെന്ന് പ്രദേശവാസിയും മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർന്ന് അടുത്തുള്ള രണ്ടുപേരെയും കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും പ്രദേശവാസി പറഞ്ഞു.

പ്രദേശവാസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘രണ്ടേകാലിന് എഴുന്നേറ്റു ജനൽ തുറന്നപ്പോൾ ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ വീട്ടിൽ നിന്ന് അൽപം മാറി ഒരാൾ കുട്ടിയെയും കൊണ്ടു പോകുന്നതു കണ്ടു. അടുത്ത വീടുകളിലെ കുട്ടികളൊന്നും അല്ലെന്നു അപ്പോൾ തന്നെ മനസ്സിലായി. തുടർന്ന് അടുത്തുള്ളവരെ എല്ലാം വിളിച്ച് പരിശോധിച്ചു. മഴയുടെ ശബ്ദത്തിൽ ഒന്നും വ്യക്തമായിരുന്നില്ല. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ഒരു കുട്ടി ഓടി വരുന്നു. കുട്ടിയുടെ ശരീരത്തിൽ വസ്ത്രം ഒന്നും ഉണ്ടായിരുന്നില്ല. ഏകദേശം 9 വയസ്സുള്ള കുട്ടിയാണ്. ഞാനും കൂടെയുള്ള രണ്ടു പേരും കൂടി കുട്ടിയെയും കൂട്ടി ഇവരുടെ വീട്ടിലേക്കു പോയി. പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. പൊലീസ് എത്തി അപ്പോൾ തന്നെ കുട്ടിയെ മെഡിക്കൽകോളജിലേക്കു കൊണ്ടു പോയി.’’– പ്രദേശവാസി വ്യക്തമാക്കി.

അതേസമയം, പീഡനത്തിനിരയാക്കിയ അക്രമിയെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയതായി അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ‘ഞാൻ നാട്ടുകാരുമായും പൊലീസുമായും സംസാരിച്ചിരുന്നു. പലപ്പോഴും ഇങ്ങനൊരു സംഭവമുണ്ടാകുമ്പോൾ ഇത് ഒറ്റപ്പെട്ടതാകട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട്. എന്നാൽ വീണ്ടും ഇത് ആവർത്തിക്കുകയാണ്. ഇക്കാര്യത്തിൽ പൊലീസ് വളരെ ജാഗ്രതയോടും ശുഷ്‌കാന്തിയോടെയും പ്രവർത്തിച്ചു’- അൻവർ സാദത്ത് വ്യക്തമാക്കി.

ഡിവൈഎസ്പിയുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കുഞ്ഞിന്റെ വീട്ടിൽ നിന്നുള്ള ഫോണും അക്രമി മോഷ്ടിച്ചിട്ടുണ്ട് എന്നാണ്. ഈ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. പക്ഷേ അവസാനം ലഭ്യമായ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സാധിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.

കുറച്ച് നാളുകൾക്ക് മുൻപാണ് ആലുവയിൽ മറ്റൊരു അതിഥി തൊഴിലാളിയുടെ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആ നടുക്കത്തിൽ നിന്ന് നാട് മുക്തമാകും മുൻപേയാണ് മറ്റൊരു ദുരന്ത വാർത്ത കൂടിയെത്തുന്നത്. ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ കണ്ടെത്തുമ്പോൾ കുട്ടി രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here