പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും; ഒരാൾ അറസ്റ്റിൽ

0

തൃശൂര്‍: പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും. കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തിലായിരുന്നു പൊലീസിന്റെ റെയ്ഡ്. വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിയിരുന്ന ചൊവ്വല്ലൂര്‍പ്പടി തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ അരുണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും വ്യാജമദ്യ നിര്‍മാണ സാമഗ്രികളും പൊലീസ് പിടികൂടി. കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍പ്പന നടത്തുകയാണ് ഇവിടെ നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് അരുണ്‍ പള്ളത്ത് വീട് വാടകയ്‌ക്കെടുത്തത്. പ്രധാന റോഡില്‍ നിന്ന് മാറി 200 മീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട വീട്ടിലായിരുന്നു മദ്യ നിര്‍മാണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നത്. ഉപയോഗശൂന്യമായ കിണറിലെ വെള്ളമാണ് ഇയാള്‍ സ്പിരിറ്റില്‍ ചേര്‍ക്കുന്നതെന്ന സംശയമുണ്ട്. എന്നാൽ കിണറിലെ വെള്ളം കുടിച്ചാല്‍ ഉദര രോഗമുണ്ടാകുമെന്നതിനാൽ അത് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രതി പറയുന്നത്. മാത്രമല്ല മിനറല്‍ വാട്ടറാണ് താന്‍ ഉപയോഗിക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് സ്പിരിറ്റ് എത്തിച്ചു നല്‍കുന്നവരെക്കുറിച്ചും വ്യാജമദ്യ വില്‍പ്പനയിടങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here