അങ്കമാലിയിൽ നാശം വിതച്ച് കാറ്റ്; മൂവാറ്റുപുഴയാർ നിറഞ്ഞു കവിഞ്ഞു;മണപ്പുറത്തും ശിവക്ഷേത്രത്തിലും വെള്ളം കയറി;

0

കൊച്ചി : ജില്ലയിൽ പലയിടങ്ങളിലായി ഭീതി വിതച്ച് കാറ്റും മഴയും കടലാക്രമണവും. കൊച്ചി, കണയന്നൂർ താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 31 പേരാണ് ക്യാമ്പിൽ കഴിയുന്നത്. കണയന്നൂർ താലൂക്കിൽ കാക്കനാട് സെയ്ന്റ് മേരീസ് മലങ്കര ചർച്ച് ഹാളിലാണ് ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഒൻപത് കുടുംബങ്ങളിലുള്ള 13 പുരുഷന്മാരും 11 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 28 പേരാണ് ഇവിടെയുള്ളത്. കൊച്ചി താലൂക്കിലെ ക്യാമ്പ് കണ്ണമാലി സെയ്ന്റ് ആന്റണീസ് എൽ.പി. സ്കൂളിലാണ്. പുരുഷന്മാരും സ്ത്രീകളും അടക്കം രണ്ട് കുടുംബങ്ങളിലായി മൂന്നുപേരാണ് ഇവിടെയുള്ളത്.

അങ്കമാലിയിൽ നാശം വിതച്ച് കാറ്റ്

അങ്കമാലി : ശക്തിയായ കാറ്റിൽ മൂക്കന്നൂർ, കറുകുറ്റി, തുറവൂർ പഞ്ചായത്തുകളിൽ നാശനഷ്ടമുണ്ടായി. മൂക്കന്നൂർ – ഏഴാറ്റുമുഖം റോഡിൽ ഭരണിപറമ്പ് ഭാഗത്ത് നിർമിച്ചിരുന്ന താത്‌കാലിക റോഡ് തകർന്നു. മരം വീണ് പലയിടത്തും വീടുകൾക്ക് നാശമുണ്ടായിട്ടുണ്ട്. കൃഷിനാശവും ഉണ്ടായി. നിരവധി വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. വൈപ്പിൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലേക്ക് അക്കേഷ്യ മരം ഒടിഞ്ഞുവീണു.

മൂവാറ്റുപുഴയാർ നിറഞ്ഞു കവിഞ്ഞു

മൂവാറ്റുപുഴ : ഒന്നര മീറ്റർ കൂടി ഉയർന്നാൽ വെള്ളം തീരം വിട്ട് നഗരപ്രാന്തങ്ങളിലേക്ക് കയറുന്ന സ്ഥിതിയിലേക്കാണ് ബുധനാഴ്ചത്തെ മഴ മൂവാറ്റുപുഴയാറിന്റെ ജലനിരപ്പെത്തിച്ചത്. മൂന്നുദിവസമായി പുഴയുടെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴ ഇനിയും ജല നിരപ്പുയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. മൂവാറ്റുപുഴയാറിന്റെ ഭാഗമായ കാളിയാറിലും കോതയാറിലും ഇടുക്കി പുഴയിലും ജലനിരപ്പ് അപകട രേഖയ്ക്കു താഴെയാണെങ്കിലും നീരൊഴുക്കിന്റെ വർധന അപകടകരമാംവിധം കൂടുതലാണ്. പുഴയോരങ്ങളിൽ പാർക്കുന്നവരോട് കതുതിയിരിക്കാൻ റവന്യൂ – ദുരന്ത നിവാരണ അതോറിറ്റികളുടെ നിർദേശമുണ്ട്. മൂവാറ്റുപുഴയാർ നിറഞ്ഞ് തീരം കവിഞ്ഞു. നടപ്പാത മുങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. മലങ്കര ഡാമിലെ ജല നിരപ്പ് ഉയരുന്നതും ഡാം ഷട്ടർ തുറക്കുന്നതും അനുസരിച്ച് മൂവാറ്റുപുഴയാറിലെ ജലസ്ഥിതി മാറും. മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

മണപ്പുറത്തും ശിവക്ഷേത്രത്തിലും വെള്ളം കയറി

ആലുവ : കനത്ത മഴ പെയ്തതോടെ ആലുവ ശിവരാത്രി മണപ്പുറം കരകവിഞ്ഞു. മണപ്പുറത്തെ ശിവക്ഷേത്രത്തിലും വെള്ളം കയറി. ആലുവ മാർത്താണ്ഡ വർമ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ജലമാപിനി പ്രകാരം 1.38 മീറ്ററാണ് വെള്ളം ഉയർന്നത്. കിഴക്കൻ മേഖലയിൽനിന്ന് മലവെള്ളം ഒഴുകിയെത്തിയതോടെ പെരിയാറിന്റെ തീരത്തെ കടവുകൾ മുങ്ങി. വിശാലമായ മണപ്പുറത്തേക്കും വെള്ളം കയറി. പുഴ കവിഞ്ഞൊഴുകിയതോടെയാണ് ക്ഷേത്ര പരിസരത്തും വെള്ളം കയറിയത്. പ്രതിഷ്ഠ മുങ്ങാത്തതിനാൽ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടന്നു. ജലനിരപ്പ് ഉയരുന്നതിനാൽ ഈ ഭാഗത്തെ സഞ്ചാരത്തിനും വിലക്ക് ഏർപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here