കേരളത്തിൽ ഭീകരാക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകർത്ത് NIA

0

കൊച്ചി: കേരളത്തിൽ ഭീകരാക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകർത്ത് എൻഐഎ. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തൃശൂർ സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. തൃശൂർ വെങ്കിടങ്ങ് കെട്ടുങ്ങലിൽ മതിലകത്ത് കൊടയിൽ അഷ്‌റഫ് എന്ന ആഷിഫ് (36) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഈറോഡ് ഭവാനിസാഗറിന് സമീപം ദൊഡ്ഡംപാളയം ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആഷിഫിനെ ചൊവ്വാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം വ്യാപിപ്പിക്കാൻ ആഷിഫ് ഉൾപ്പെട്ട സംഘം ഗൂഢാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന എടിഎം കവർച്ചയെ തുടർന്നാണ് ആഷിഫ് ഉൾപ്പെട്ട സംഘത്തെക്കുറിച്ച് നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. എടിഎം കവർച്ച നടത്തിയ പണം ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എടിഎം കവർച്ചയ്ക്ക് പുറമേ, ഫണ്ട് ശേഖരണ ആവശ്യങ്ങൾക്കായി നടത്തിയ സമാനമായ മോഷണങ്ങളിലും ആഷിഫ് ഉൾപ്പെട്ടിരുന്നു.സംഘവുമായി ബന്ധമുള്ള കൂടുതൽ പേരെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here