10,475 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിക്കുന്നു

0

തിരുവനന്തപുരം : 10,475 കോടി രൂപയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി കേരളം ഉപേക്ഷിക്കുന്നു. ഇതോടെ കേന്ദ്രപദ്ധതി സംസ്ഥാനത്തിന് നഷ്ടമാവും. ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും സമ്മര്‍ദഫലമായാണ് തീരുമാനം. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കുള്ള 8206 കോടി രൂപയ്ക്കുപുറമേ വൈദ്യുതി വിതരണനഷ്ടം കുറയ്ക്കുന്നതിനുള്ള 2269 കോടിയുടെ പദ്ധതിയുമുള്‍പ്പെടെയാണിത്. തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാന്റും കിട്ടുമായിരുന്നു.

സ്വകാര്യവത്കരണത്തിലേക്കുള്ള നീക്കമെന്നാരോപിച്ച് സ്മാർട്ട് മീറ്ററിനെ ഇടതുസംഘടനകൾ എതിർത്തിരുന്നു. പിന്നാലെ, സിപിഎം കേന്ദ്രനേതൃത്വവും നിലപാടെടുത്തതോടെയാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയത്തിന് കേരളം ഉടൻ കത്തുനൽകും.

പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതിവിതരണ നഷ്ടംകുറയ്ക്കൽ എന്നിവ സംയോജിപ്പിച്ചാണ് കേന്ദ്രസർക്കാരിന്റെ റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം (ആർഡിഎസ്എസ്). രാജ്യത്താകെ ഇത് നടപ്പാക്കാൻ 3,03,758 കോടിയാണ് വകയിരുത്തിയത്. 2025-26 സാമ്പത്തികവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നതാണ് വ്യവസ്ഥ.

2019ലാണ് കെഎസ്ഇബി പദ്ധതിക്ക് തുടക്കമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കേശവദാസപുരത്ത് നടപ്പാക്കാനായി ടെൻഡർ വിളിച്ചു. കമ്പനി രേഖപ്പെടുത്തിയ തുക കൂടുതലായതിനാൽ ഉപേക്ഷിച്ചു.

പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഊർജമന്ത്രാലയത്തിന് സമർപ്പിച്ചത്. 2022 മാർച്ച് 24ന് കേന്ദ്ര അംഗീകാരം ലഭിച്ചു. മുൻകൂർ ഗ്രാന്റായി 67 കോടിയും അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here