സജീവ രാഷ്ട്രീയത്തിലേക്കില്ല; ഉമ്മന്‍ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹം, – അച്ചു ഉമ്മന്‍

0

ഉമ്മന്‍ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും മകള്‍ അച്ചു ഉമ്മന്‍. അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍. മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.

ഇതോടെ പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യത്തിനും കൃത്യമായ വ്യക്തത വരുത്തിയിരിക്കുകയാണ് അച്ചു ഉമ്മന്‍. താന്‍ വിദേശത്ത് കുടുംബവുമായി സെറ്റില്‍ഡ് ആയ ആളണെന്നും സ്വപ്നത്തില്‍ പോലും ആലോചിക്കാത്ത കാര്യമാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നതെന്നും അച്ചു പറഞ്ഞു. ഇത്രയും നാള്‍ ജീവിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തണലിലാണ്. ഇനിയങ്ങോട്ടും അദ്ദേഹത്തിന്റെ മകളായി മാത്രം ജീവിക്കാനാണ് ആഗ്രഹം. തനിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് അസന്നിഗ്ദമായി പറയുകയായിരുന്നു അവര്‍.

കെപിസിസി പ്രസിഡന്‍റ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുന്ന കീഴ്വഴക്കമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. കെ. സുധാകരന്റെ അഭിപ്രായ പ്രടനത്തിനിടെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കി മുസ്ലീം ലീഗ് രംഗത്തെത്തി. പുതുപ്പള്ളിയില്‍ ആരു മത്സരിക്കും എന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞത്.

ഇതിനിടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അത്തരത്തില്‍ വാര്‍ത്ത വന്നത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Leave a Reply