കനത്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന വീട് ഇടിഞ്ഞുതാഴ്ന്നു; കണ്ണൂരിൽ വ്യാപകനാശനഷ്ടം

0

കൊട്ടിയൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ രണ്ടുദിവസമായി തുടരുന്ന കനത്തമഴയിൽ നാശനഷ്ടം തുടരുന്നു. കോളയാട് നിർമ്മാണത്തിലിരുന്ന ഇരു നില വീട് കനത്ത മഴയിൽ തകർന്നു വീണു. ചിറ്റേരി ബാബുവിന്റെ 2500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കോൺക്രീറ്റ് വീടാണ് കനത്ത മഴയിൽ അടിത്തറ ഇളകി വീണു ഉഗ്രശബ്ദത്തോടെ ഇടിഞ്ഞു വീണത്. ഞായറാഴ്‌ച്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടായതിനാൽ സംഭവ സമയത്ത് ആരും അവിടെയുണ്ടായിരുന്നില്ല. മുൻപിലത്തെ കോൺക്രീറ്റ് തുണുകൾ ഒഴികെ ബാക്കിയുള്ള ഭാഗങ്ങൾ മുഴുവൻനിലം പൊത്തിയിരിക്കുകയാണ്. നിർമ്മാണത്തിലെ അശാസ്ത്രീയതയും കനത്ത മഴയുമാണ് വീട് തകരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ചു ലക്ഷത്തിന് മുകളിൽ നഷ്ടമുണ്ടായിട്ടുണ്ട്. ബാങ്കിൽ നിന്നും ഭവന നിർമ്മാണ വായ്പയെടുത്താണ് വീടുനിർമ്മിച്ചുവരുന്നത്.

വീടിന് ഭിത്തിയായി കെട്ടിയിരിക്കുന്ന ചെങ്കെല്ലുകൾ ഉൾപെടെ ചിതറി തെറിച്ച നിലയിലാണ്. കോൺക്രീറ്റ് ബിമുകളും തകർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോളയാട് ഭാഗത്ത് കനത്ത മഴയാണുണ്ടായിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ ഇക്കുറി നുറുകണക്കിന് വീടുകളാണ് തകർന്നത്. ഇതിനൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് കാർഷിക മേഖലയിൽ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്.

ധർമടം മണ്ഡലത്തിലെ പെരളശേരി വെള്ളച്ചാലിൽ വീടിന് മുകളിൽ തേക്കുമരം കടപുഴകി വീണു. വെള്ളച്ചാൽ ആശാരികാവിന് സമീപം അക്ഷയ നിവാസിൽ ദിനേശന്റെ വീടിനു മുകളിലാണ് ജാതി മരം കടപുഴകി വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലാണ് അപകടം. സൻഷേഡ് പൂർണ്ണമായും തകർന്നു. സമീപത്തെ മുരിക്ക് മരം വൈദ്യുതി ലൈനിൽ പൊട്ടിവീണ് വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. വാർഡ് മെമ്പർ പി.കെ.ഷംന സ്ഥലം സന്ദർശിച്ചു. വെള്ളച്ചാൽ അശാരികാവിന് സമീപം വീടിനു മുകളിൽ തെങ്ങും കടപുഴകി വീണു. സ്യന്ദനത്തിൽ ശ്രീധരന്റെ വീടിനു മുകളിലാണ് തെങ്ങ് കടപുഴകി വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here