തോരാമഴയിൽ കണ്ണൂരിൽ കനത്ത നാശം:12 വീടുകൾ തകർന്നു

0

കണ്ണൂർ : തോരാമഴയിൽ ജില്ലയിൽ കനത്ത നാശം. 12 വീടുകൾ ഭാഗികമായി തകർന്നു. വെള്ളക്കെട്ടിൽ വീണ്‌ ഒരാൾ മരിച്ചു. മതിലിടിഞ്ഞ് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂർ സെൻട്രൽ ജയിലിന്റെ ചുറ്റുമതിൽ മഴയിൽ തകർന്നു. ജയിലിന്റെ പിൻവശത്തെ മതിൽ 20 മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. കണ്ണൂർ നഗരത്തിൽ ഓടുന്ന വാഹനങ്ങൾക്കുമേൽ മരം വീണ്‌ രണ്ടുപേർക്ക്‌ പരിക്കേറ്റു.

കൂത്തുപറമ്പ് നരവൂർ നൂഞ്ഞമ്പായിലെ ചന്ദ്രന്റെ വീട്ടുകിണർ ഇടിഞ്ഞു താണു. ന്യൂമാഹി കുറിച്ചിയിൽ ചവോക്കുന്നിലെ എം എൻ ഹൗസിൽ പുഷ്പ രാജന്റെ വീട്ടുമതിൽ ഇടിഞ്ഞു. വീട് അപകടാവസ്ഥയിലായതിനാൽ മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകി.
കുറിച്ചിയിൽ കിടാരൻകുന്ന് ആയിക്കാൻ പറമ്പത്ത് റാബിയയുടെ വീട്ടുമതിലും ഇടിഞ്ഞു. ന്യൂമാഹി അഴീക്കൽ പരിമഠത്ത് ദേശീയപാതക്ക് സമീപത്തെ പൂമരം കെട്ടിടത്തിന് മുകളിൽ വീണ് കടകൾ തകർന്നു. കുറിച്ചി സ്വദേശികളായ ഈരായിന്റവിട സന്തോഷ്, സുധാകരൻ, രാജേഷ് നിവാസിൽ എൻ വി ലീല, ഷാഫി എന്നിവരുടെ കടകളാണ് തകർന്നത്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോടിയേരി വില്ലേജിലെ പഴയ പോസ്റ്റ് ഓഫീസ് പരിസരത്തെ പുലുണ്ട വീട്ടിൽ അജിത് ലാലിന്റെ കിണർ ഇടിഞ്ഞു താണു. അടുത്ത വീട്ടിലെ മതിൽ ഇടിഞ്ഞു വീണ് പന്ന്യന്നൂർ വില്ലേജ് പരിധിയിലെ നെല്ലുള്ളതിൽ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ കാലിന് പരിക്കേറ്റു. ബാലകൃഷ്ണൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here