ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം , വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റില്‍

0


ഉപ്പുതറ: ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റില്‍. കിഴുകാനം സെക്ഷന്‍ ഫോറസ്‌റ്റര്‍ തിരുവനന്തപുരം പൂവത്തുര്‍ ശിവം വീട്ടില്‍ വി. അനില്‍കുമാര്‍ (51), ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ തിരുവനന്തപുരം എല്‍.വി. ഭവനില്‍ വി.സി. ലെനിന്‍(39) എന്നിവരെയാണു പീരുമേട്‌ ഡിവൈ.എസ്‌.പി: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കണ്ണംപടി പുത്തന്‍ പുരയ്‌ക്കല്‍ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച കേസിലാണു പോലീസ്‌ നടപടി.
ഡി.എഫ്‌.ഒ. അടക്കം വനം വകുപ്പിലെ 13 ജീവനക്കാരാണു കേസിലെ പ്രതികള്‍. ഇതില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ ജില്ലാക്കോടതിയില്‍ കീഴടങ്ങി റിമാന്‍ഡ്‌ കാലാവധി കഴിഞ്ഞ്‌ ജാമ്യം നേടുകയും ചെയ്‌തിട്ടുണ്ട്‌. എട്ടു പേര്‍ മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. തുടര്‍ന്നാണ്‌ അവര്‍ അറസ്‌റ്റിലായത്‌. മൂന്നാം പ്രതി സീനിയര്‍ ഗ്രേഡ്‌ ൈഡ്രവര്‍ കാഞ്ചിയാര്‍ വടക്കന്‍ വീട്ടില്‍ ജിമ്മി ജോസഫ്‌ ഇപ്പോഴും ഒളിവിലാണെന്നു പോലീസ്‌ അറിയിച്ചു. വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ (ഡി.എഫ്‌.ഒ) ബി. രാഹുല്‍, ബി.എഫ്‌.ഒ: ഷിജി രാജ്‌ എന്നിവര്‍ക്കു വേണ്ടിയും അന്വേഷണം തുടരുകയാണെന്നും ഡിവൈ.എസ്‌.പി പറഞ്ഞു. നാലു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ 15 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌ 2022 സെപ്‌റ്റംബര്‍ 20-നാണു കാട്ടിറച്ചി കടത്തിയെന്നാരോപിച്ച്‌ ഓട്ടോറിക്ഷ ൈഡ്രവറായ സരുണ്‍ സജിയെ കിഴുകാനം ഫോറസ്‌റ്റര്‍ അനില്‍ കുമാറും സംഘവും വിളിച്ചു വരുത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. കള്ളക്കേസില്‍ കുടുക്കി അറസ്‌റ്റ്‌ ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തന്ന സരുണിന്റെ പരാതിയില്‍ മനുഷ്യാവകാശ – ഗോത്ര വര്‍ഗ കമ്മിഷനുകളുടെ നിര്‍ദേശ പ്രകാരമാണു പോലീസ്‌ കേസെടുത്തത്‌. ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ നടത്തിയ ഉന്നതതല അന്വേഷണത്തില്‍ കേസ്‌ കെട്ടിച്ചമച്ചതാണെന്നും, പിടിച്ചെടുത്ത മാംസം വന്യമൃഗത്തിന്റേതല്ലന്നും തെളിഞ്ഞു.
തുടര്‍ന്ന്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ (ഡി.എഫ്‌.ഒ.), സെക്ഷന്‍ ഫോറസ്‌റ്റര്‍ ഉള്‍പ്പടെ ഒന്‍പതു പേരെ സസ്‌പന്‍ഡ്‌ചെയ്യുകയും പിന്നീട്‌ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്‌തിരുന്നു.
എസ്‌.ഐമാരായ ആന്റണി ജോസഫ്‌, പ്രശാന്ത്‌ ബി. തങ്കപ്പന്‍, എസ്‌.സി.പി.ഒമാരായ ജേക്കബ്‌ ജോണ്‍, എസ്‌. സുബൈര്‍, അല്‍ജിന്‍. ടി. രാജ്‌, കെ.വി. അജേഷ്‌ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കട്ടപ്പന ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ അര്‍ച്ചന ജോണ്‍ ബ്രിട്ടാസ്‌ റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here