സി.ഐ.ടി.യു. അക്രമത്തില്‍ ഹൈക്കോടതി , ‘ആ അടി കൊണ്ടത്‌ കോടതിയുടെ മുഖത്താണു പോലീസേ!’

0


കൊച്ചി: കോട്ടയം, തിരുവാര്‍പ്പിലെ ബസ്‌ ഉടമ രാജ്‌മോഹനെ സി.ഐ.ടി.യു. നേതാവ്‌ മര്‍ദിച്ച സംഭവത്തില്‍ പോലീസിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മര്‍ദനമേറ്റതു പരാതിക്കാരനായ രാജ്‌മോഹനല്ല, സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതിയുടെ മുഖത്താണെന്നു ജസ്‌റ്റിസ്‌ എന്‍. നഗരേഷ്‌ പറഞ്ഞു. പോലീസിന്‌ ഇക്കാര്യത്തില്‍ ഗുരുതരവീഴ്‌ചയുണ്ടായെന്നു കോടതി നിരീക്ഷിച്ചു.
പോലീസ്‌ സംരക്ഷണം നല്‍കാന്‍ ഉത്തരവുണ്ടായിട്ടും ഹര്‍ജിക്കാരനു മര്‍ദനമേറ്റ സംഭവത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി ഉത്തരവുപ്രകാരം ജില്ലാ പോലീസ്‌ മേധാവിയും കുമരകം സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറും നേരിട്ട്‌ ഹാജരായിരുന്നു. പോലീസുകാരുടെ വീഴ്‌ച സംബന്ധിച്ച അന്വേഷണത്തെക്കുറിച്ചു ഡിവൈ.എസ്‌.പിയും ആക്രമണക്കേസില്‍ എസ്‌.എച്ച്‌.ഒയും സത്യവാങ്‌മൂലം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
സാധാരണക്കാരെപ്പോലെയല്ല പോലീസ്‌ പെരുമാറേണ്ടത്‌. പോലീസ്‌ സംരക്ഷണം അനുവദിക്കപ്പെട്ടയാള്‍ക്ക്‌ മര്‍ദനമേറ്റതു ഗുരുതരസംഭവമാണ്‌. ലേബര്‍ ഓഫീസറുടെ മുന്നിലോ കോടതിയിലോ പരാജയപ്പെട്ടാല്‍ പരാതിക്കാരനെ ആക്രമിക്കുന്നതു സംസ്‌ഥാനത്തെ ട്രേഡ്‌ യൂണിയനുകളുടെ പൊതുസ്വഭാവമാണ്‌. ഇതില്‍ എല്ലാ യൂണിയനുകളും ഒരുപോലെയാണ്‌.
തിരുവാര്‍പ്പ്‌ സംഭവത്തില്‍ ഇതു പ്രതീക്ഷിച്ചിരുന്നതിനാലാണു പോലീസ്‌ സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്‌. എന്നിട്ടും പോലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചു. സ്‌ഥലത്ത്‌ ആറ്‌ പോലീസുകാരുണ്ടായിട്ടും അക്രമം തടയാനായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

അടി ഓര്‍ക്കാപ്പുറത്തെന്ന്‌ എസ്‌.പി.

അക്രമം അപ്രതീക്ഷിതമായിരുന്നതിനാലാണു തടയാന്‍ കഴിയാതിരുന്നതെന്നു കോട്ടയം ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്‌ ബോധിപ്പിച്ചു. ഫോണില്‍ സംസാരിച്ച്‌ റോഡിന്റെ മറുവശത്തുകൂടി പോകുകയായിരുന്നയാള്‍ പെട്ടെന്ന്‌ ആക്രമിക്കുകയായിരുന്നു. പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. പോലീസുകാരുടെ വീഴ്‌ച ഡിവൈ.എസ്‌.പി. അന്വേഷിക്കുന്നുണ്ടെന്നും എസ്‌.പി. വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here