ചന്ദ്രയാൻ 3: ഇരുപത്തിരണ്ടാം മിനിട്ടിൽ ഭ്രമണപഥത്തിൽ, ഇനി കുതിപ്പ്

0

രാജ്യത്തിന്റെ ആശീര്‍വാദവും പ്രതീക്ഷയും കരുത്താക്കി എൽവിഎം 3 എം 4ൽ ഏറികുതിച്ചു ചന്ദ്രയാൻ . നിശ്ചിത സമയത്തിനുള്ളിൽ ഭ്രമണപഥത്തിലേക്കു എത്തിയതായി ഐഎസ്ആർഒ. ഇനി വിജയകരമായ വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാൻഡിങിനായും കാത്തിരിക്കാം. ചന്ദ്രയാ‍ൻ 2 ദൗത്യത്തിന്റെ അടുത്തഘട്ടമായി വളരെയേറെ സാമ്യമുള്ളതും എന്നാൽ ഓർബിറ്റർ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാൻ 3.
ചന്ദ്രോപരിതലത്തിൽ ആദ്യമായി ഇന്ത്യയുടെ ഒരു ലാൻഡർ സുരക്ഷിതമായി സോഫ്റ്റ്ലാൻഡ് ചെയ്യിപ്പിക്കുക, ലാൻഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കിവിട്ട് പര്യവേക്ഷണങ്ങൾ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാൻ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീർണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാൻ 2 സ്വീകരിച്ചത്. അതേപോലെയായിരിക്കും ചന്ദ്രയാൻ 3യും ലാൻഡ് ചെയ്യുക. സുരക്ഷിത ലാന്‍ഡിങിനായി

ഏകദേശം ഒരു മാസം

ഏകദേശം ഒരു മാസം കൊണ്ട് പ്രൊപ്പൽഷൻ മൊഡ്യൂളിലെ എൻജിനുകൾ പ്രവർത്തിപ്പിച്ച ഭ്രമണപഥം ഉയർത്തുകയും ഒടുവിൽ ചന്ദ്രനു ചുറ്റും 100 x 100 കിലോമീറ്ററിന്റെ ഭ്രമണപഥത്തിൽ എത്തിച്ചേരും.അവിടെ വച്ചു ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും വേർപ്പെടുകെയും ത്രസ്റ്ററുകളുടെ സഹായത്തോടെ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യും. തുടർന്ന് ലാൻഡറിൽ നിന്ന് പുറത്തെത്തുന്ന റോവർ ചാന്ദ്രപര്യവേക്ഷണത്തിൽ ഏർപ്പെടും.

റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാന്‍ഡറിലേക്കും അവിടെ നിന്നു ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വക്കിലേക്കും (ഐ.ഡി.എസ്.എൻ) കൈമാറും. ചന്ദ്രയാൻ 2 ഓർബിറ്ററും ഈ വിവരകൈമാറ്റത്തിൽ ഭാഗമായേക്കും.

ഇനിയും പദ്ധതികൾ പണിപ്പുരയിൽ

ഇസ്റോയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് കൂടുതൽ ബൃഹത്തായതും കൗതുകകരമായതുമായ ദൗത്യങ്ങളാണ് . ഈ വർഷം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു ദൗത്യമാണ് ആദിത്യ എൽ1. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം. ഇസ്റോയും മറ്റ് ഇന്ത്യൻ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തു‌ന്നത്.ചന്ദ്രയാൻ മൂന്നാം ദൗത്യത്തിൽ അവസാനിക്കുന്നില്ല. തുടർ പദ്ധതികൾ ഇങ്ങനെ

സൗരവാതങ്ങളെക്കുറിച്ചും അവ ഭൂമിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുമൊക്കെ ആദിത്യ പഠിക്കും.പിഎസ്എൽവി–എക്സ്എൽ റോക്കറ്റിൽ വിക്ഷേപിക്കപ്പെടുന്ന ദൗത്യം ഭൂമിയുടെയും സൂര്യന്റെയും ഇടയ്ക്കുള്ള എൽ1 പോയിന്റ് എന്ന ബിന്ദുവിൽ സ്ഥിതി ചെയ്താകും നിരീക്ഷണം നടത്തുക. സൗരനിരീക്ഷണത്തിനായുള്ള ആദ്യ ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ. ഏകദേശം 7 ശാസ്ത്രീയ ഉപകരണങ്ങൾ ഇതിലുണ്ട്.ഇസ്റോയുടെ ഏറ്റവും വലിയ ഹൈ പ്രൊഫൈൽ ദൗത്യങ്ങളിലൊന്നായ ഗഗൻയാൻ 2021ൽ നടത്താനാണു പദ്ധതിയിട്ടതെങ്കിലും മാറ്റിവച്ചു. 2025നു ശേഷമാകും ഇതു നടത്തുകയെന്നാണ് പ്രതീക്ഷ.

ചന്ദ്രയാൻ 3 ദൗത്യത്തെ വഹിക്കുന്ന എൽവിഎം ത്രീ റോക്കറ്റായിരിക്കും ഈ ദൗത്യത്തിനും പിന്നിൽ. ഈ ദൗത്യത്തിന്റെ ഭാഗമായി 3 യാത്രികർ ബഹിരാകാശത്തെത്തും. 4 ജൈവ, 2 ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമായി ഇസ്റോ നടത്തും. ഹൈഡ്രസീനു പകരം ഹരിത ഇന്ധനമാകും ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നതെന്നും കരുതപ്പെടുന്നുണ്ട്. ഇതിനായുള്ള പരീക്ഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഭൂമിയുടെ അയൽഗ്രഹവും പ്രക്ഷുബ്ധമായതുമായ ശുക്രഗ്രഹത്തെ നിരീക്ഷിക്കാനും പഠിക്കാനും ഉദ്ദേശിച്ചുള്ള ദൗത്യമാണ് ശുക്രയാൻ.

4 വർഷം ദൈർഘ്യം കണക്കാക്കപ്പെടുന്ന ഈ ദൗത്യം അടുത്തവർഷം ഡിസംബറിൽ വിക്ഷേപിക്കാനാണ് പദ്ധതി. ഇതു നടന്നില്ലെങ്കിൽ 2031 ലും വിക്ഷേപണസമയം കണക്കാക്കുന്നുണ്ട്.ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൽയാന്റെ പിന്തുടർച്ചയെന്ന നിലയിലാണു മംഗൽയാൻ 2 വിഭാവനം ചെയ്യപ്പെടുന്നത്.ഈ ദൗത്യത്തിൽ ഒരു ലാൻഡറും ഉൾപ്പെടുമെന്ന് ഇടക്കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ലാൻഡറില്ലെന്നും മറിച്ച് ഒരു ഓർബിറ്റർ ദൗത്യം മാത്രമായിരിക്കും ഇതെന്നുമാണ് ഇപ്പോഴുള്ള അറിവ്. 2024ൽ ഈ ദൗത്യം വിക്ഷേപിക്കാൻ സാധ്യതയുണ്ട്. 2030ൽ ചൊവ്വയിൽ ലാൻഡിങ് നടത്താനും പദ്ധതിയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here