മലപ്പുറത്തെ വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറും ഭാര്യയും കുഞ്ഞു മക്കളും: മൃതദേഹം കണ്ടെത്തിയത് രണ്ട് മുറികളിൽ

0


മലപ്പുറം: നഗരമധ്യത്തിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടുപറമ്പ് മൈത്രിനഗറിലെ ഇവർ താമസിക്കുന്ന വാടക വീട്ടിലാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സബീഷിനെയും ഷീനയെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടു മുറികളിലെ ഫാനുകളിലാണ് ഇരുവരും തൂങ്ങിമരിച്ചത്. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു.

കണ്ണൂർ മുയ്യം കുറുമത്തൂർ പരതൂർ ചെക്കിയിൽ നാരായണന്റെ മകളാണ് ഷീന. ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ണൂരിലെ എസ്‌ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്. മരണത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്‌ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

Leave a Reply