പനി: ഒരാഴ്‌ചയ്‌ക്കിടെ പത്തനംതിട്ടയില്‍ മരിച്ചതു പിഞ്ചുകുഞ്ഞടക്കം നാലുപേര്‍

0


പത്തനംതിട്ട: ജില്ലയില്‍ ഒരാഴ്‌ചയ്‌ക്കിടെ പനി ബാധിച്ചത്‌ മരിച്ചതു പിഞ്ചു കുഞ്ഞടക്കം നാലു പേര്‍. ഇതില്‍ മൂന്നു പേരും എലിപ്പനി ബാധിച്ചാണു മരിച്ചത്‌. രണ്ടു പേര്‍ തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌.
കൊടുമണ്‍ ഒന്‍പതാം വാര്‍ഡ്‌ കൊടുമണ്‍ ചിറ പാറപ്പാട്ട്‌ പടിഞ്ഞാറ്റേതില്‍ സുജാത(50), പതിനേഴാം വാര്‍ഡില്‍ കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57), അടൂര്‍ പെരിങ്ങനാട്‌ മൂന്നാളം ലിജോ ഭവനില്‍ രാജന്‍ (60) എന്നിവരാണ്‌ എലിപ്പനി ബാധിച്ച്‌ മരിച്ചത്‌. ആങ്ങമൂഴി പുന്നയ്‌ക്കല്‍ സുമേഷിന്റേയും പ്രിയയുടേയും മകള്‍ അഹല്യ(ഒരു വയസ്‌)യാണ്‌ പനി മൂലം മരിച്ചത്‌.
ഏറ്റവുമൊടുവിലായി മരിച്ചതു കൊടുമണ്‍ പഞ്ചായത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളിയായ സുജാതയാണ്‌. മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്ന്‌ 12 ന്‌ വീട്ടുവളപ്പില്‍ നടക്കും. മകള്‍: സന്മയ. മണിയും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴാണ്‌ മരിച്ചത്‌. കഴിഞ്ഞ 15 നാണ്‌ മരണം സംഭവിച്ചത്‌.
രാജന്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ചയാണു മരിച്ചത്‌. ഒരാഴ്‌ചയായി പനിയും ശരീര വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്‌ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഭാര്യ: ലിസി. മക്കള്‍: ലിജോ രാജന്‍, ജൂലി രാജന്‍. മരുമക്കള്‍: ഹണി, സുബിന്‍ പ്രസാദ്‌.
പനി ബാധിച്ച്‌ ചികിത്സയിലിരുന്ന ഒരു വയസുള്ള അഹല്യ വെള്ളിയാഴ്‌ചയാണ്‌ മരിച്ചത്‌. പനിയെ തുടര്‍ന്ന്‌ കുട്ടിയെ വ്യാഴാഴ്‌ച സീതത്തോട്ടിലെ ആശുപത്രിയില്‍ കാണിച്ചിരുന്നു. മരുന്ന്‌ കഴിച്ചതിനെത്തുടര്‍ന്ന്‌ പനി കുറഞ്ഞെങ്കിലും വെള്ളിയാഴ്‌ച വീണ്ടും ക്ഷീണമുണ്ടായി. ആങ്ങമൂഴിയിലെ ക്ലിനിക്കില്‍ എത്തിച്ച്‌ മരുന്ന്‌് വാങ്ങി. തിരികെ വീട്ടിലെത്തില്‍ പാല്‍ കുടിച്ച്‌ കിടന്ന കുട്ടി വൈകിട്ട്‌ അമ്മ വിളിയ്‌ക്കുമ്പോള്‍ ഉണര്‍ന്നില്ല. തുടര്‍ന്ന്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്നെങ്കിലും എത്തും മുന്‍പ്‌ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here