ഉത്സവം നടക്കില്ലെന്ന് ആശങ്ക; തമിഴ്‌നാട്ടിൽ ഏഴു സ്ത്രീകൾ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

0

ചെന്നൈ: ഉത്സവം നടക്കില്ലെന്ന ആശങ്കയിൽ തമിഴ്‌നാട്ടിൽ ഏഴു സ്ത്രീകൾ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ധർമപുരി ജില്ലയിൽ വെപ്പമരത്തൂരിലാണ് സംഭവം. വെപ്പമരത്തൂരിലെ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന ആശങ്കയിലാണ് സ്ത്രീകൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പായസത്തിൽ വിഷംചേർത്ത് കഴിക്കുക ആയിരുന്നു.

ജാതിവിവേചനം സംബന്ധിച്ച തർക്കംകാരണം ഇത്തവണയും ഉത്സവം മുടങ്ങുമെന്ന ആശങ്കയിലാണ് ഇവർ വിഷം കഴിച്ചത്. ഇവരെല്ലാം ഒരേ കുടുംബത്തിൽനിന്നുള്ളവരും പ്രദേശത്തെ പ്രബല ജാതിയിൽപ്പെട്ടവരുമാണ്. ഇവരുടെ കുടുംബാംഗമായ സുരേഷ് പട്ടികജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2010-ൽ ആയിരുന്നു വിവാഹം. ഗ്രാമത്തിലെ മറ്റുള്ളവർ സുരേഷിന്റെ കുടുംബത്തിന് സാമൂഹികവിലക്ക് ഏർപ്പെടുത്തി. മാരിയമ്മൻ കോവിലിലെ ഉത്സവത്തിൽനിന്ന് അവരെ മാറ്റിനിർത്തുകയുംചെയ്തു.

എന്നാൽ ഇഥിനെ എതിർത്ത സുരേഷിന്റെ ഭാര്യ സുധ ജില്ലാഭരണകൂടത്തിന് പരാതി നൽകി. ഇതോടെ എല്ലാവരെയും പങ്കെടുപ്പിച്ചുമാത്രമേ ഉത്സവം നടത്താവൂ എന്ന് അധികൃതർ ഉത്തരവിട്ടു. ഇതുകാരണം പത്തുവർഷമായി കുംഭാഭിഷേകം നടക്കുന്നില്ല. ഇത്തവണ ഉത്സവം നടത്താൻ തീരുമാനിച്ചെങ്കിലും പണപ്പിരിവിൽനിന്ന് സുരേഷിന്റെ കുടുംബത്തെ ഒഴിവാക്കി. ഇതേത്തുടർന്ന് സുരേഷും സുധയും വീണ്ടും പരാതി നൽകുകയും ജില്ലാഭരണകൂടം ഇടപെടുകയുംചെയ്തു.

ഇതോടെ ഇത്തവണയും ഉത്സവം മുടങ്ങുമെന്ന് അഭ്യൂഹം പരന്നു. തുടർന്നാണ് സുരേഷിന്റെ കുടുംബത്തിൽപ്പെട്ട ഏഴുസ്ത്രീകൾ മനോവിഷമം സഹിക്കാതെ വിഷംകഴിച്ചത്. തങ്ങളുടെ കുടുംബം കാരണം ഉത്സവം മുടങ്ങുമെന്ന വിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

അധികൃതർ നടത്തിയ അനുരഞ്ജനചർച്ചയിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ഉത്സവം നടത്താമെന്ന് ഗ്രാമീണർ സമ്മതിച്ചു. ഇതനുസരിച്ച് ബുധനാഴ്ച സമാധാനപരമായി കുംഭാഭിഷേകം നടത്തി. വിഷം കഴിച്ച സ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here