സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളില്‍ തീവെട്ടിക്കൊള്ള; പുതിയ കുപ്പിയുടെ ലേബല്‍ പഴയ കുപ്പിയില്‍

0


കട്ടപ്പന : സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകളില്‍ പുതിയ കുപ്പിയുടെ ലേബല്‍ പഴയ കുപ്പികളിലൊട്ടിച്ചു നടത്തുന്നത്‌ തീവെട്ടിക്കൊള്ള. ബിവറേജസ്‌ ഔട്ട്‌ലെറ്റുകളില്‍ മദ്യമിറക്കുമ്പോള്‍ മദ്യക്കുപ്പികള്‍ പൊട്ടാറുണ്ട്‌. ഇതിന്റെ മറവിലാണു ജീവനക്കാര്‍ പണം തട്ടുന്നത്‌.
പൊട്ടുന്ന കുപ്പികളും മട്ടടിഞ്ഞ്‌ വില്‍പ്പനയോഗ്യമല്ലാതാകുന്ന കുപ്പികളും ബിവറേജസ്‌ കോര്‍പ്പറേഷന്റ പരിശോധനാവിഭാഗത്തെ ബോധ്യപ്പെടുത്തി നശിപ്പിച്ചു കളയണമെന്നാണു നിര്‍ദേശം. എന്നാല്‍ ഈ കുപ്പികള്‍ നശിപ്പിക്കാതെ സൂക്ഷിക്കുകയും പുതുതായി ഔട്ട്‌ലെറ്റുകളിലെത്തിക്കുന്ന കുപ്പികളിലെ ലേബല്‍ എടുത്തുമാറ്റി പഴയ കുപ്പികളില്‍ ഒട്ടിച്ച്‌ ഇല്ലാത്ത കേടുപാടുപാടുകളുടെ കണക്ക്‌ സൃഷ്‌ടിക്കുകയുമാണു ചെയ്യുന്നത്‌. മദ്യം ലോറിയില്‍നിന്ന്‌ ഓരോതവണ ഇറക്കുമ്പോഴും കേടുപാടുകളുടെ പേരില്‍ ഇത്തരം കള്ളക്കണക്ക്‌ സൃഷ്‌ടിച്ച്‌ തട്ടിയെടുക്കുന്നതു ലക്ഷങ്ങളാണ്‌. ഷോപ്പ്‌ ഇന്‍ചാര്‍ജും കൂട്ടാളികളും ഈ തുക വീതംവയ്‌ക്കുകയാണു പതിവ്‌്. കാലാവധി കഴിഞ്ഞ കണക്കില്‍പ്പെടാത്ത മദ്യങ്ങള്‍ നശിപ്പിക്കാതെ കടയില്‍ തിരക്കനുഭവപ്പെടുമ്പോള്‍ ബില്ല്‌ നല്‍കാതെ വിറ്റഴിക്കുകയും ചെയ്യുന്നു. അതിഥിത്തൊഴിലാളികള്‍ക്കും മറ്റും ഇത്തരത്തില്‍ ഉപയോഗശൂന്യമായ മദ്യം വില്‍പ്പന നടത്തി ലഭിക്കുന്ന തുകയും വീതം വച്ചെടുക്കുകയാണ്‌.
കേടുപാടുകള്‍ സംഭവിച്ച മദ്യക്കുപ്പികള്‍ കട്ടപ്പനയിലെ മദ്യവില്‌പനശാലയിലടക്കം വ്യാപകമായി കൂട്ടിയിട്ടിരിക്കുന്നതു കാണാം. പ്ലാസ്‌റ്റിക്‌ പടുതയില്‍ മൂടി സൂക്ഷിച്ചിരിക്കുന്ന ഇത്തരം കുപ്പികളിലേക്കാണ്‌ പുതിയ കുപ്പികളിലെ ലേബലൊട്ടിച്ച്‌ തട്ടിപ്പ്‌ നടത്തുന്നത്‌. ഇങ്ങനെ ലഭിക്കുന്ന പണം വീതം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ വാക്കേറ്റവും തര്‍ക്കവും പതിവാണ്‌. തങ്ങളുടെ മദ്യം കൂടുതലായി വില്‍പ്പന നടത്താന്‍ കമ്പനിയുടെ ഏജന്റുമാര്‍ ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ക്കു പണം നല്‍കാറുണ്ട്‌. പണം നല്‍കാത്ത കമ്പനികളുടെ മദ്യം പൂഴ്‌ത്തിവയ്‌ക്കുകയും പിന്നീടിത്‌ ഉപയോഗശൂന്യമായി മാറുകയുമാണു ചെയ്യുന്നത്‌. ഇത്തരത്തില്‍ ബിവറേജസ്‌ കോര്‍പ്പറേഷനും മദ്യക്കമ്പനികള്‍ക്കും ഭീമായ നഷ്‌ടം ഉണ്ടാകുന്നുണ്ട്‌. സര്‍ക്കാര്‍ ഡിസ്‌റ്റിലറികളില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന്‍ എന്ന പേരിലുള്ള മദ്യമടക്കം ഉപഭോക്‌താക്കള്‍ക്കു നല്‍കാതെ അനധികൃത വില്‍പനക്കാര്‍ക്കു മറിച്ചുനല്‍കി വലിയ തുക കൈയ്‌ക്കലാക്കുന്നു. ഔട്ട്‌ലെറ്റുകളില്‍ ക്രമക്കേടുകള്‍ തടയാന്‍ നിയോഗിക്കപ്പെട്ട പരിശോധനാ ഉദ്യോഗസ്‌ഥര്‍ ഷോപ്പുകളില്‍നിന്നു പടിവാങ്ങി ക്രമക്കേടുകള്‍ക്കു കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്‌. തങ്ങളുടെ ബ്രാന്‍ഡ്‌ കൂടുതല്‍ വില്‍ക്കാന്‍ ബിവറേജസ്‌ ജീവനക്കാര്‍ക്കു മദ്യക്കമ്പനികള്‍ നല്‍കിയ കൈക്കൂലി കട്ടപ്പനയിലെ ഔട്ട്‌ലെറ്റില്‍നിന്ന്‌ കഴിഞ്ഞ ദിവസം വിജിലന്‍സ്‌ പിടികൂടിയിരുന്നു. മിന്നല്‍ പരിശോധനയിലൂടെ 85,000 ത്തോളം രൂപയാണ്‌ വിജിലന്‍സ്‌ പിടിച്ചെടുത്തത്‌. ഈ ഔട്ട്‌ലെറ്റിലെ ഷോപ്പ്‌ ഇന്‍ ചാര്‍ജിന്റെ ഒത്താശയോടെ ഒരു ജീവനക്കാരനെ അനധികൃതമായി ഇവിടെ നിയമിച്ചിരുന്നതായും കണ്ടെത്തി. ഇയാളെ അനധികൃത മദ്യക്കച്ചവടത്തിനും പണപ്പിരിവിനുമായാണ്‌ ഉപയോഗിച്ചിരുന്നത്‌. ഒട്ടുമിക്ക ബിവറേജസ്‌ ഔട്ട്‌ലെറ്റുകളിലും ഇത്തരത്തില്‍ വന്‍ ക്രമക്കേട്‌ നടക്കുന്നതായാണു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here