‘അരിക്കൊമ്പന്‍, ഉത്രം നക്ഷത്രം’ മണക്കാട്ട്‌ മൃത്യുഞ്‌ജയ പുഷ്‌പാഞ്‌ജലി, കുമളിയില്‍ ഭാഗ്യസൂക്‌ത പുഷ്‌പാഞ്‌ജലി

0


തൊടുപുഴ: അരിക്കൊമ്പന്റെ ആയുസിനും ആരോഗ്യത്തിനും ക്ഷേത്രത്തില്‍ പൂജ കഴിപ്പിച്ചു തൊടുപുഴയിലെ മൃഗസ്‌നേഹി. മണക്കാട്‌ സ്വദേശി സന്തോഷാണ്‌ മണക്കാട്‌ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പനുവേണ്ടി മൃത്യുഞ്‌ജയ പുഷ്‌പാഞ്‌ജലി വഴിപാടു നടത്തിയത്‌.
മൃഗങ്ങളോടുള്ള സ്‌നേഹമാണ്‌ അരിക്കൊമ്പനുവേണ്ടി വഴിപാടു ചെയ്യാന്‍ സന്തോഷിനെ പ്രേരിപ്പിച്ചത്‌. പൂശാനംപെട്ടിയില്‍നിന്ന്‌ അഞ്ചിനു പുലര്‍ച്ചെ പിടികൂടിയ അരിക്കൊമ്പന്‍ അനിമല്‍ ആംബുലന്‍സില്‍ മണിക്കൂറുകളോളം ദുരിതയാത്ര നടത്തിയിരുന്നു. വേദന സഹിച്ച്‌ കത്തുന്ന വെയിലില്‍ 25 മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവില്‍ ആറിനു രാവിലെയാണ്‌ കളക്കാട്‌ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍പ്പെട്ട അപ്പര്‍ കോതയാറില്‍ അരിക്കൊമ്പനെ തുറന്നുവിട്ടത്‌. തന്റെ വഴിപാടിനു ഫലമുണ്ടായി എന്ന വിശ്വാസത്തിലാണ്‌ സന്തോഷ്‌.
കാട്ടാനയ്‌ക്കായി വഴിപാടു നടത്തണമെന്ന നരസിംഹസ്വാമി ഭക്‌തനായ സന്തോഷിന്റെ ആവശ്യം ക്ഷേത്ര അധികാരികളും തള്ളിക്കളഞ്ഞില്ല. വഴിപാട്‌ നടത്തിക്കൊടുത്ത്‌ അവര്‍ ഒപ്പംനിന്നു.
കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാകാളീ ക്ഷേത്രത്തിലും ഭക്‌തര്‍ അരിക്കൊമ്പന്റെ പേരില്‍ അര്‍ച്ചനയും ഭാഗ്യസൂക്‌ത പുഷ്‌പാഞ്‌ജലി വഴിപാടും നടത്തിയിരുന്നു. ഇതിലൊന്നില്‍ അരിക്കൊമ്പന്‍ എന്ന പേരിനൊപ്പം ഉത്രം നക്ഷത്രം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.
അരിക്കൊമ്പനെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ടു ചിന്നക്കനാലിലെ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചു കുടികളിലെ ആളുകളാണ്‌ സമരരംഗത്തെത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here