ഉൾവനത്തിലേക്ക് കയറിയ അരിക്കൊമ്പൻ മേഘമലയിലേക്ക്

0

അരിക്കൊമ്പൻ കാട്ടിലേക്ക് കയറി. ഉൾവനത്തിലേക്ക് കയറിയ അരിക്കൊമ്പൻ മേഘമലയിലേക്ക് നടക്കുന്നുവെന്നാണ് സൂചന. കാതനാക്ഷി റിസർവ്വ് വനത്തിലേക്കാണ് അരിക്കൊമ്പൻ മാറുന്നത്. ഉൾവനത്തിലേക്ക് കടന്നാൽ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കില്ല. മയക്കുവെടി വച്ച് ഉൾക്കാട്ടിലെത്തിക്കാനായിരുന്നു തീരുമാനം. ഉൾക്കാട്ടിൽ ആന തന്നെ പോയ സ്ഥിതിക്ക് ഇനി വെടിയുണ്ടാകില്ല. അരിക്കൊമ്പന്റെ സിഗ്നലുകൾ തമിഴ് നാട് വനംവകുപ്പും പരിശോധിക്കുന്നുണ്ട്.

പ്ലാവിൽ നിന്നും ചക്ക അടർത്തി കഴിച്ച ശേഷം കിലോമീറ്ററുകളോളം നടന്നാണ് അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. കമ്പം ടൗണിൽ ഭീതിവിതച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ അരംഭിച്ച ശേഷമാണ് ഇത്. പതിയെ കൊടുംകാട്ടിലേക്ക് അരിക്കൊമ്പൻ കടന്നു. അരിക്കൊമ്പനെ തളയ്ക്കാൻ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘമാണ് മയക്കുവെടി വെക്കാനെത്തിയത്. അരിക്കൊമ്പന്റെ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. ഇവർ കമ്പത്ത് തുടരും. വീണ്ടും ജനവാസ മേഖലയിൽ അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടി വയ്ക്കും.

മേഘമല സിസിഎഫിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മയക്കുവെടി വെച്ചശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനായിരുന്നു പദ്ധതി. എന്നാൽ കാട്ടിലേക്ക് ആന തന്നെ പോയതിനാൽ മയക്കുവെടി തൽകാലം ഉണ്ടാകില്ല. ഇന്നലെ പകൽ കമ്പം നഗരത്തിൽ പരിഭാന്ത്രി പടത്തിയ ശേഷം ബൈപാസ്സിന് സമീപത്തെ വാഴ തോപ്പിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. എന്നാൽ രാത്രി എട്ട് മണിയോടെ ബൈപ്പാസ് മുറിച്ച് കടന്ന് ജനവാസ മേഖലയിൽ നിന്നും കൃഷിയിടത്തിലേക്ക് അരിക്കൊമ്പൻ നീങ്ങുകയായിരുന്നു.

തെരുവിലൂടെ നീങ്ങുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അരിക്കൊമ്പൻ തകർത്തു. കമ്പം സ്വദേശി മുരുകന്റെ ഓട്ടോറിക്ഷ, വനംവകുപ്പിന്റെ വാഹനം, ഒരു ബൈക്ക് എന്നിവ തകർത്തു. കേരള അതിർത്തിയോടു ചേർന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരിച്ചിറങ്ങിയതാണ് അരിക്കൊമ്പൻ ദൗത്യത്തിന് വിനയായത്. ദൃശ്യങ്ങൾ പകർത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കൾ ചേർന്ന് ഡ്രോൺ പറത്തിയതിനെ തുടർന്നാണ് ആന പുളിമരത്തോട്ടത്തിൽനിന്ന് പുറത്തിറങ്ങിയത്. യൂട്യൂബ് ചാനൽ നടത്തുന്ന ഇവരിൽ ഒരാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുളിമരത്തോട്ടത്തിൽവച്ച് മയക്കുവെടിവച്ച് അരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പിന്റെ പദ്ധതി. ഇതാണ് പാളിയത്. ഇന്ന് പുലർച്ചെയോടെ അരിക്കൊമ്പൻ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളിൽ വിടാനായിരുന്നു ഉത്തരവ്. ആന നാട്ടിലിറങ്ങാതിരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. പടക്കം പൊട്ടിച്ചും ആകാശത്തേയ്ക്കു വെടിവച്ചു ആനയെ അകറ്റാനാണ് ശ്രമം. കാട്ടിലേക്ക് തിരിച്ചു കയറി സ്ഥിതിക്ക് അതിനിയും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here