ട്രെയിന്‍ തീവയ്‌പ്പ്‌ അന്വേഷണം : എന്‍.ഐ.എ. കണ്ണൂരില്‍ ; പോലീസ്‌ യു.പിയില്‍

0


കണ്ണൂര്‍/കോഴിക്കോട്‌: എലത്തൂരിലെ ട്രെയിന്‍ തീവയ്‌പ്പ്‌ കേസ്‌ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും. എന്‍.ഐഎ. സംഘം ഇന്നലെ കണ്ണൂരിലെത്തി തീവയ്‌പ്പുണ്ടായ ഡി-1 ബോഗിയും തൊട്ടടുത്ത ഡി-2 ബോഗിയും പരിശോധിച്ചു. ഇവ പോലീസ്‌ മുദ്രവച്ച്‌ കണ്ണൂരിലേക്കു മാറ്റിയിരുന്നു. എന്‍.ഐ.എയുടെ കൊച്ചി, ബംഗളുരു യൂണിറ്റുകളിലെ ഉദ്യോഗസ്‌ഥരാണു കണ്ണൂരിലെത്തിയത്‌.അക്രമം നടന്ന എലത്തൂരിലും സംഘം പരിശോധന നടത്തി.
അതേസമയം, പ്രതിയെന്നു സംശയിക്കുന്ന ഷാറൂഖ്‌ സെയ്‌ഫിയുടെ പശ്‌ചാത്തലം തേടി കേരളാ പോലീസിന്റെ പ്രത്യേകാന്വേഷണസംഘത്തിലെ (എസ്‌.ഐ.ടി) രണ്ട്‌ ഉദ്യോഗസ്‌ഥര്‍ ഉത്തര്‍പ്രദേശിലെ നോയ്‌ഡയിലെത്തി. ഷാറൂഖിന്റെ ഫോണ്‍ കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12.15-ന്‌ ഓഫായെന്നു കണ്ടെത്തി. അതിനുശേഷമാണ്‌ ഇയാള്‍ കേരളത്തിലേക്കു തിരിച്ചതെന്നാണു പോലീസ്‌ നിഗമനം. പ്രതി ഡല്‍ഹിയിലെ പബ്ലിക്‌ സ്‌കൂളില്‍ പഠിച്ചതായും മരപ്പണിക്കാരനാണെന്നും ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍നിന്നു വിവരം ലഭിച്ചു. ഇയാള്‍ ജോലിചെയ്‌തെന്നു കരുതപ്പെടുന്ന കോഴിക്കോട്‌ അശോകപുരത്തും എസ്‌.ഐ.ടി. പരിശോധന നടത്തി. മരിക്കാന്‍പോലും തയാറായാണ്‌ അക്രമി ട്രെയിനില്‍ കയറിയതെന്നു പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിക്കായി സംസ്‌ഥാനമാകെ ഇതരസംസ്‌ഥാനത്തൊഴിലാളി ക്യാമ്പുകളില്‍ വ്യാപകതെരച്ചില്‍ തുടരുന്നു. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പരിശോധനയ്‌ക്കു നിര്‍ദേശമുണ്ട്‌. സംശയാസ്‌പദമായി കണ്ടെത്തുന്നവരെ കസ്‌റ്റഡിയിലെടുക്കും. സംസ്‌ഥാന അതിര്‍ത്തികളിലും നിരീക്ഷണം ശക്‌തമാണ്‌.
ആക്രമണം നടന്ന സ്‌ഥലത്ത്‌ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്നാണു പ്രതിയെന്നു സംശയിക്കുന്ന നോയ്‌ഡ സ്വദേശി ഷാറൂഖ്‌ സെയ്‌ഫിലേക്ക്‌ അന്വേഷണം നീണ്ടത്‌. പ്രതി ഇയാളാണെന്നു പോലീസ്‌ സ്‌ഥിരീകരിച്ചിട്ടില്ല. ഇയാള്‍ കസ്‌റ്റഡിയിലുണ്ടെന്ന അഭ്യൂഹം നിഷേധിക്കുകയും ചെയ്‌തു. അന്വേഷണവിവരങ്ങള്‍ ചോരാതിരിക്കാന്‍ എസ്‌.ഐ.ടി. പരമാവധി ജാഗ്രത പുലര്‍ത്തുന്നു.
കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഒന്‍പതരയോടെയാണ്‌ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ്‌ എക്‌സ്ര്‌പസ്‌ ട്രെയിനില്‍ തീവയ്‌പ്പുണ്ടായത്‌. രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്നു ചാടിയ രണ്ടരവയസുകാരിയടക്കം മൂന്നുപേരെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. എട്ടുപേര്‍ക്കു പൊള്ളലേറ്റു. ഇവരില്‍ ഏഴുപേര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഗുരുതരപൊള്ളലേറ്റ കതിരൂര്‍ സ്വദേശി അനില്‍കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രകാശന്‍ ഡിസ്‌ചാര്‍ജായി.

LEAVE A REPLY

Please enter your comment!
Please enter your name here