കണ്ണൂരിൽ സ്വയം ബോംബ് ഉണ്ടാക്കി എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം വാട്സ് ആപ്പിൽ സ്റ്റാറ്റസിട്ട യുവാവിനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

0

തോട്ടടയിൽ വിവാഹവീട്ടിലേക്ക് നടന്ന ബോംബെറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിനു ശേഷം കണ്ണൂരിൽ വീണ്ടും തീക്കളി. കണ്ണൂരിൽ സ്വയം ബോംബ് ഉണ്ടാക്കി എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം വാട്സ് ആപ്പിൽ സ്റ്റാറ്റസിട്ട യുവാവിനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച രാവിലെയാണ് പ്രതി അറസ്റ്റിലായത്. മുഴപ്പിലങ്ങാട് മോഹനൻ പീടികയ്ക്ക് സമീപം ബി വി ധനുഷാണ് (19) റിമാൻഡിലായത്.

തോട്ടട വിവേകാനന്ദ നഗറിൽ വെച്ചുതാനുൾപ്പെടെ നാല് പേരാണ് ബോംബ് ഉണ്ടാക്കി റോഡിൽ എറിഞ്ഞ് പൊട്ടിച്ചതെന്നും സ്റ്റാറ്റസ് ഇട്ടത് മറ്റൊരു സുഹൃത്താണെന്നും ധനുഷ് പൊലീസോട് പറഞ്ഞു. പച്ചക്കെട്ട് ഹൈഡ്രജൻ ബോംബിനകത്തെ മരുന്ന് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കിയതെന്ന് പ്രതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേർ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പൊട്ടിച്ചതു ഏറുപടക്കമാണെന്ന് ഫോറൻസിക് വിഭാഗം അന്വേഷണത്തിൽ പ്രാഥമിക സൂചന ലഭിച്ചിട്ടുണ്ട്. റിമാൻഡിലായ യുവാവ് ആർ. എസ്. എസ് പ്രവർത്തകനാണെന്ന ആരോപണമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തോട്ടട പന്ത്രണ്ടുകണ്ടിൽ വിവാഹവീടിനു നേരെ ബോംബെറ് നടന്നത്. ഏച്ചൂർ സ്വദേശിയായ യുവാവാണ് സൃഹുത്തുക്കളുടെ ബോംബെറിൽ കൊല്ലപ്പെട്ടത്.വിവാഹവീട്ടിൽ പാട്ടുവെച്ച തർക്കത്തെ തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ബോംബെറുണ്ടായത്

LEAVE A REPLY

Please enter your comment!
Please enter your name here