ഒരേ ബസിൽ 25 വർഷം യാത്ര ചെയ്തു; വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് യാത്രയയപ്പ് നൽകി ബസ് ജീവനക്കാർ

0

മഞ്ചേരി: ഒരേ ബസിൽ 25 വർഷം സ്‌കൂളിലേക്കു യാത്ര ചെയ്ത് വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് ബസ് ജീവനക്കാർ യാത്രയയപ്പ് നൽകി. ഈ മാസം 311നു വിരമിക്കുന്ന അദ്ധ്യാപിക അരുകിഴായ ശിവനഗറിലെ അരുണയ്ക്കാണ് ജസ് ജീവനക്കാർ യാത്രയയപ്പ് നൽകിയത്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന കെടിഎസ് ബസ് ജീവനക്കാരാണ് വെസ്റ്റ് കോഡൂർ എഎംയുപി സ്‌കൂൾ അദ്ധ്യാപികയായ അരുണയ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകിയത്.

ടീച്ചർ ജോലിക്ക് കയറിയതു മുതൽ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ ബസ്. സ്‌കൂളിൽ അദ്ധ്യാപികയായി നിയമനം ലഭിച്ചതു മുതൽ ഈ ബസിലാണ് യാത്ര. അന്നു മുതൽ കെടിഎസ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായെന്ന് അരുണ പറയുന്നു. മഞ്ചേരി വയപ്പാറപ്പടി സ്റ്റോപ്പിൽ നിന്നാണ് രാവിലെ 9.30നു അരുണ കെടിഎസ് ബസിൽ കയറുന്നത്. ബസിലെ ജീവനക്കാർ, ഉടമ, ബസിന്റെ നിറം തുടങ്ങിയവ മാറിയെങ്കിലും അരുണയുടെ യാത്രയ്ക്കും ബസിന്റെ പേരിനും മാറ്റമില്ല.

ഇക്കാലത്തിനിടെ രണ്ട് ശിഷ്യർ ഇതേ ബസിലെ ജീവനക്കാരായി. ബസിൽ ടീച്ചറെ കണ്ടില്ലെങ്കിൽ ടീച്ചർ അവധിയാണെന്നു വിദ്യാർത്ഥികൾക്ക് ഉറപ്പാണ്. അദ്ധ്യാപികയോടുള്ള ആദരസൂചകമായി ഡ്രൈവർ ഷഫീഖ്, കണ്ടക്ടർമാരായ കെ.വി.റാഷിദ്, അബ്ബാസ്, ചെക്കർ ജോൺസൺ തുടങ്ങിയവരാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. ബസിൽ ഡ്യൂട്ടിയിൽ പകരം ആളെ കയറ്റിയാണ് സമയം കണ്ടെത്തിയതെന്നു റാഷിദ് പറഞ്ഞു. വയപ്പാറപ്പടിയിലെ വീട്ടിലെത്തി കേക്ക് മുറിച്ചും കെടിഎസ് ബസിന്റെ സ്‌നേഹാദരമായി ഫലകം നൽകിയുമായിരുന്നു യാത്രയയപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here