ഒരാഴ്ചയ്ക്കിടെ കേരളത്തിൽ ഒരു എംപിക്കും എംഎൽഎയ്ക്കും അയോഗ്യത; വയനാട് എംപിയുടെ അപ്പീലിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്

0

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിലും എംപി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും കോൺഗ്രസ് പ്രതിഷേധം തുടരും. കേരളത്തിലും വയനാട് എംപിയുടെ അയോഗ്യതയിൽ വലിയ പ്രതിഷേധമാണ്. അതും തുടരും. പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംക്ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റു. സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധം അക്രമമായി. വയനാട്ടിലും വ്യാപക പ്രതിഷേധം അരങ്ങേറി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ ബിഎസ്എൻഎൽ ഓഫിസ് ഉപരോധിച്ചു. ടി.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

വയനാടാണ് രാഹുലിന്റെ ലോക്‌സഭാ മണ്ഡലം. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ ഒരു എംപിക്കും എംഎൽഎയ്ക്കുമാണ് അയോഗ്യത വന്നിരിക്കുന്നത്. ജാതി സംവരണത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ ദേവികുളം എംഎൽഎ എ.രാജയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് ലോക്സഭാ അംഗത്തിനും അയോഗ്യത വന്നിരിക്കുന്നത്. രാജയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. രാഹുലിനെതിരായ വിധിയിൽ മേൽക്കോടതികളുടെ ഇടപെടലുകൾ ഇല്ലാതിരുന്നാൽ ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം വയനാട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർ സ്റ്റേഷനകത്തേക്ക് ഇരച്ചുകയറി. സ്റ്റേഷനു മുന്നിൽ ടയർ കൂട്ടിയിട്ടു കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബോർഡ് തകർത്തു. വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് കൗണ്ടർ അടിച്ചു തകർത്തു. ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ , എൻഎസ്‌യു ദേശീയ ജന. സെക്രട്ടറി കെ.എം.അഭിജിത്ത് തുടങ്ങിയവർക്കു പരുക്കേറ്റു. ഇവരെ ജില്ലാ ജനറൽ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ആർപിഎഫ് എസ്‌ഐക്കും പരുക്കേറ്റു. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കെപിസിസി നേതാക്കളായ കെ.ജയന്ത് , പി.എം.നിയാസ് തുടങ്ങിയവർ പ്രവർത്തകരെ അനുനയിപ്പിച്ച് നഗരത്തിലൂടെ പ്രതിഷേധ ജാഥയായാണ് പിരിഞ്ഞു പോയത്.

ഡൽഹി വിജയ് ചൗക്കിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യം അപകടത്തിലെന്ന പോസ്റ്ററുമേന്തിയാണ് ഏതാണ്ട് എഴുപതോളം എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം തേടിയുള്ള പോസ്റ്ററുകളും മുദ്രാവാക്യം വിളികളുമാണ് മറ്റു പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഉയർത്തിയത്. മുക്കാൽ മണിക്കൂറോളം പ്രതിഷേധിച്ച അംഗങ്ങൾ പിന്നാലെ അറസ്റ്റ് വരിച്ചു. അറസ്റ്റിലായവരെ കിങ്‌സ് വേ പൊലീസ് ക്യാംപിലേക്കാണ് മാറ്റിയത്. അവിടെയും നേതാക്കൾ പ്രതിഷേധിച്ചു.

രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടിയിൽ മേൽക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കും. ഒരു മണ്ഡലത്തിൽ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. 2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചിരിക്കുന്നത്. അപകീർത്തി കേസിൽ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നൽകിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയിരിക്കുന്നത്.

Leave a Reply