ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനു നാളെ കൊടിയേറ്റം

0

അഹമ്മദാബാദ്‌: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനു നാളെ കൊടിയേറ്റം. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഗുജറാത്ത്‌ ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ്‌ 16-ാമത്‌ എഡിഷനിലെ ഉദ്‌ഘാടനമത്സരം. ഇതിഹാസതാരം മഹേന്ദ്ര സിങ്‌ ധോണിയും ധോണിക്കുകീഴില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഉദിച്ചുയര്‍ന്ന ഹാര്‍ദിക്‌ പാണ്ഡ്യയും നായകന്മാരായ ടീമുകളാണ്‌ നാളെ കൊമ്പുകോര്‍ക്കുന്നതെന്നതും ശ്രദ്ധേയം.
സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളുടെ സാന്നിധ്യമുള്ള പത്തു ടീമുകളാണ്‌ 16-ാമത്‌ എഡിഷനില്‍ മാറ്റുരയ്‌ക്കുന്നത്‌. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണറുടെ ക്യാപ്‌റ്റന്‍സിയിലിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്‌ ഐ.പി.എല്ലിലെ ആദ്യകിരീടമാണു ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്‌ഥാനത്താണു ടീം ഫിനിഷ്‌ ചെയ്‌തത്‌. 2020-ല്‍ റണ്ണേഴ്‌സപ്പായതാണ്‌ ഇത്തവണ റിക്കി പോണ്ടിങ്‌ പരിശീലകനായ ടീമിന്റെ പ്രധാനനേട്ടം.
സഞ്‌ജു സാംസണ്‍ നായകനായ രാജസ്‌ഥാന്‍ റോയല്‍സാണു മലയാളി ആരാധകരുടെ ഇഷ്‌ടടീമുകളില്‍ മുന്നില്‍. കഴിഞ്ഞതവണ കലാശപ്പോരില്‍ തോറ്റ ടീം കുമാര്‍ സംഗക്കാരയുടെ പരിശീലനമികവില്‍ ഇത്തവണ ലക്ഷ്യമിടുന്നത്‌ കിരീടംതന്നെ.
15-ാം സീസണിലെ അവസാന സ്‌ഥാനക്കാരെന്ന നാണക്കേട്‌ മായ്‌ക്കാനുറച്ചാണ്‌ അഞ്ചുവട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ വരവ്‌. മാര്‍ക്ക്‌ ബൗച്ചറുടെ പരിശീലനമികവിനൊപ്പം ഇന്ത്യന്‍ നായകന്‍ രോഹിത്‌ ശര്‍മയുടെ ക്യാപ്‌റ്റന്‍സി കൂടിയാകുന്നതോടെ മുംബൈ ഇതരടീമുകള്‍ക്ക്‌ വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പ്‌.
കഴിഞ്ഞതവണ ഏഴാമതായെങ്കിലും രണ്ടു വട്ടം ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ എഴുതിത്തള്ളാനാകില്ല. ചന്ദ്രകാന്ത്‌ പണ്ഡിറ്റ്‌ മുഖ്യപരിശീലകനായ ടീമിനെ ഇത്തവണ നയിക്കുന്നത്‌ നിതീഷ്‌ റാണയാണ്‌.
കഴിഞ്ഞവര്‍ഷത്തെ അരങ്ങേറ്റ സീസണില്‍ത്തന്നെ നാലാമതെത്തിയ ലോകേഷ്‌ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഖ്യപരിശീലകന്‍ സിംബാബ്‌വെയുടെ പഴയ പടക്കുതിര ആന്‍ഡി ഫ്‌ളവറാണ്‌.
ഇതുവരെ കിരീടം ഉയര്‍ത്താത്ത ടീമുകളുടെ പട്ടികയിലാണ്‌ പഞ്ചാബ്‌ കിങ്‌സിന്റെ സ്‌ഥാനം. ട്രെവര്‍ ബെയ്‌ലിസ്‌ മുഖ്യപരിശീലകനാകുന്ന ടീമിന്റെ ക്യാപ്‌റ്റന്‍ വെറ്ററന്‍ താരം ശിഖര്‍ ധവാനാണ്‌. 2014-ല്‍ റണ്ണേഴ്‌സ് അപ്പായിരുന്ന ടീം കഴിഞ്ഞസീസണില്‍ ആറാം സ്‌ഥാനത്തായിരുന്നു.
വിരാട്‌ കോഹ്ലിയുടെ സാന്നിധ്യത്താന്‍ ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിരീടവരള്‍ച്ചയുള്ള ടീമാണ്‌. സഞ്‌ജയ്‌ ബംഗാര്‍ പരിശീലകനായ ടീമിന്റെ നായകന്‍ ഫാഫ്‌ ഡ്യൂപ്ലെസിയാണ്‌. കഴിഞ്ഞതവണ നാലാം സ്‌ഥാനത്തായിരുന്നു ആര്‍.സി.ബി.
2016-ല്‍ ജേതാക്കളായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്‌ കഴിഞ്ഞസീസണില്‍ എട്ടാമതായിരുന്നു. വെസ്‌റ്റിന്ത്യന്‍ ഇതിഹാസതാരം ബ്രയാന്‍ ലാറ മുഖ്യപരിശീലകനായ ടീം ഇതുവരെ ഈ സീസണിലെ ക്യാപ്‌റ്റനെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here