കെ.കെ. രമയുടെ പരുക്ക്‌ സാരമുള്ളത്‌

0

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷത്തിനിടെ പരുക്കേറ്റ കെ.കെ. രമയുടെ വലതുകൈയിലെ പരുക്ക്‌ സാരമുള്ളതെന്ന്‌ കണ്ടെത്തല്‍. നിയമസഭയില്‍ പ്രതിപക്ഷം സ്‌പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിലാണ്‌ രമയ്‌ക്കു പരുക്കേറ്റത്‌.
വലതു കൈയിലെ ലിഗമെന്റില്‍ രണ്ടിടത്തു ക്ഷതമേറ്റെന്നു എം.ആര്‍.ഐ. സ്‌കാനിംഗില്‍ കണ്ടെത്തി. ചിലപ്പോള്‍ ശസ്‌ത്രക്രിയ വേണ്ടിവരും. വിശദ പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ നിഗമനത്തില്‍ എത്തിയത്‌. തുടര്‍ചികിത്സ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റാനാണ്‌ തീരുമാനം.
സ്‌കാന്‍ റിപ്പോര്‍ട്ട്‌ പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ പ്ലാസ്‌റ്റര്‍ നീക്കം ചെയ്‌തു. നീരും വേദനയും ഉള്ളതിനാല്‍ വീണ്ടും പ്ലാസ്‌റ്റര്‍ ഇട്ടു. പ്ലാസ്‌റ്റര്‍ എട്ട്‌ ആഴ്‌ച തുടരണം. അപ്പോഴും നീരും വേദനയും ഉണ്ടെങ്കില്‍ ശസ്‌ത്രക്രിയ വേണ്ടിവരും. ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം രമ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ സര്‍ജനെയും കണ്ടു. നിയമസഭാ ക്ലിനിക്കിലെ ഡോക്‌റാണ്‌ ആദ്യം രമയെ പരിശോധിച്ചത്‌. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.
സംഘര്‍ഷമുണ്ടായ അന്നു രമയുടെ കൈയ്‌ക്ക്‌ പ്ലാസ്‌റ്ററിട്ടതിനെ പരിഹസിച്ച്‌ സച്ചിന്‍ദേവ്‌ ഫെയ്‌സ്‌ ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു. പരുക്ക്‌ വ്യാജമാണെന്ന രീതിയില്‍ രമക്കെതിരെ വ്യാജ എക്‌സ്‌ റേ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു സൈബര്‍ ആക്രമണവും നടന്നിരുന്നു.
ഈ വിഷയത്തില്‍ സച്ചിന്‍ ദേവ്‌ എം.എല്‍.എക്കെതിരേ രമ സ്‌പീക്കര്‍ക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്‌. സച്ചിന്‍ ദേവിന്റെ പോസ്‌റ്റാണ്‌ തനിക്കെതിരായ സൈബര്‍ ആക്രമണിത്തിന്‌ തുടക്കമിട്ടതെന്നാണ്‌ രമയുടെ പരാതി. സച്ചിന്‍ അടക്കം സൈബര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേ അപകീര്‍ത്തി കേസ്‌ കൊടുക്കാനാണ്‌ രമയുടെ നീക്കം.

Leave a Reply