പള്ളിയിലേക്കുള്ള യാത്രക്കിടെ ബ്ലോക്കിൽ കുടുങ്ങി; ഞൊടിയിടയിൽ കാറിൽ നിന്നും ഇറങ്ങിയോടി നവവരൻ; ബംഗളൂരുവിലെ വരന്റെ തിരോധാനം വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം; രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഭാര്യയുടെ പരാതി; തിരോധാനത്തിന് പിന്നിൽ മുൻകാമുകിയുടെ ഭീഷണിയെന്ന് നിഗമനം

0


ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഗതാഗതക്കുരുക്ക് എപ്പോഴും ജനങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിലും ചിലപ്പോഴൊക്കെ അത് അനുഗ്രഹമായി മാറാറുമുണ്ട്.അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ബംഗളുരുവിൽ നിന്ന് പുറത്ത് വരുന്നത്.തന്റെ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യുവാവിനെ തുണയായത് ഈ കുരുക്കാണ്.ഒരേ സമയം രസകരവും ഗൗരവതരവുമായ കാര്യമാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സംഭവം ഇങ്ങനെ..ബംഗളൂരുവിൽ ഫെബ്രുവരി 16നായിരുന്നു സംഭവം.വിവാഹപ്പിറ്റേന്ന് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ സമയത്ത് കാറിൽ നിന്ന് ഇറങ്ങിയോടിയിരിക്കുകയാണ് നവവരൻ. കടന്നുകളഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും വിവരമില്ലാത്ത വരനെതിരെ പരാതി നൽകിയിരിക്കുകയാണ് വധു.രണ്ടാഴ്ച കഴിഞ്ഞിട്ടും വരനെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് വധു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.വധുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

കഴിഞ്ഞമാസം 15 നായിരുന്നു ഇരുവരുടെയും വിവാഹം.പള്ളിയിൽ പോയി തിരിച്ചുപോകുമ്പോൾ കാർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി. ഈസമയത്താണ് വരൻ കാറിൽ നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞതെന്ന് പരാതിയിൽ പറയുന്നു. മുൻസീറ്റിലിരുന്ന യുവാവ് കാറിന്റെ ഡോർ തുറന്ന് പുറത്ത് കടന്ന ശേഷം ഉടൻ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.വരന്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ലെന്നും വധുവിന്റെ പരാതിയിൽ പറയുന്നു.

മുൻ കാമുകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി കല്യാണത്തിന് മുൻപ് തന്നെ വരൻ തന്നോട് പറഞ്ഞിരുന്നതായി വധു പറയുന്നു. ആശങ്ക വേണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിന് വരനൊപ്പം താനും കുടുംബവും ഉണ്ടാവുമെന്നും ഉറപ്പുനൽകിയതായും വധു പറയുന്നു.വരന് ഗോവയിൽ മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം വരന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചത്.

കല്യാണത്തിന് മുൻപ് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം വരൻ തന്നെ അറിയിച്ചിരുന്നതായും വധു പറയുന്നു. എന്നാൽ ബന്ധം തുടരില്ലെന്ന് വരൻ തനിക്ക് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് കല്യാണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും വധു പറയുന്നു.

Leave a Reply