പിള്ള സമീപിച്ചതു തന്ത്രപരമായി , സ്വപ്‌നയുടെ കഥ ഒ.ടി.ടി. പരമ്പരയാക്കാമെന്ന്‌ വാഗ്‌ദാനം

0


കൊച്ചി: ആരോപണങ്ങള്‍ പിന്‍വലിച്ച്‌ നാടുവിടാന്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌ത ഇടനിലക്കാരന്‍ വിജയ്‌ പിള്ള തന്നെ സമീപിച്ചതു തന്ത്രപരമായെന്നു സ്വപ്‌ന സുരേഷ്‌. മിസ്‌ഡ്‌ കോളിന്റെ രൂപത്തിലായിരുന്നു ആദ്യം. പിന്നീട്‌ വിളിച്ച്‌ കാണണമെന്നാവശ്യപ്പെട്ടു. തന്റെ ചാനല്‍ ആക്ഷന്‍ ഒ.ടി.ടിയുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നു പറഞ്ഞു.
ബംഗളുരു വൈറ്റ്‌ഫീല്‍ഡിലെ സുരി ഹോട്ടലില്‍ പി.എസ്‌. സരിത്തിനും കുട്ടികള്‍ക്കുമൊപ്പമെത്തിയ സ്വപ്‌നയോട്‌ ഒ.ടി.ടിയില്‍ പരമ്പര ചെയ്യാമെന്നു പറഞ്ഞാണു വിജയ്‌ പിള്ള സംസാരം തുടങ്ങിയത്‌. പിന്നീട്‌ ഭീഷണിയിലേക്കു കടന്നു. സ്വപ്‌ന പറയുന്നതിങ്ങനെ: ഫെബ്രുവരി 27-നു രാവിലെ 10.37-നായിരുന്നു മിസ്‌ഡ്‌ കോള്‍. അടുത്ത കോള്‍ അതേദിവസം 10.41-ന്‌. അഡ്വ. വിജയ്‌ പിള്ളയെന്നാണു പരിചയപ്പെടുത്തിയത്‌. അദ്ദേഹത്തിന്റെ ചാനല്‍ ആക്ഷന്‍ ഒ.ടി.ടിയുമായി ബന്ധപ്പെട്ട പദ്ധതി ചര്‍ച്ചചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നു പറഞ്ഞു. നേരിട്ട്‌ കാണണമെന്നും ആവശ്യപ്പെട്ടു.
അദ്ദേഹത്തിനു ബംഗളുരുവിലെ വൈറ്റ്‌ഫീല്‍ഡില്‍ ഓഫീസുണ്ടെന്നും അവിടെവച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്നും പറഞ്ഞു. വീട്ടിലേക്കു വരട്ടേയെന്നു ചോദിച്ചെങ്കിലും വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കാറില്ലെന്നു മറുപടി നല്‍കി. പിന്നീട്‌ ഒരു ശനിയാഴ്‌ച രാവിലെ വിളിച്ച്‌ ഉച്ചയ്‌ക്ക്‌ 12-നു കാണാമെന്നും സ്‌ഥലം വാട്‌സ്‌ആപ്പില്‍ അറിയിക്കാമെന്നും പറഞ്ഞു.ക്ഷണമനുസരിച്ച്‌ വൈറ്റ്‌ഫീല്‍ഡിലെ സുരി ഹോട്ടലിലെത്തി. ഒപ്പം സരിത്തും തന്റെ രണ്ട്‌ കുട്ടികളുമുണ്ടായിരുന്നു. ആക്ഷന്‍ ഒ.ടി.ടിയിലെ തന്റെ പദ്ധതികളെക്കുറിച്ച്‌ വിജയ്‌ പിള്ള പറയാന്‍ തുടങ്ങി. തന്റെ കഥ എല്ലാ തെളിവുകളും ശബ്‌ദരേഖയും ചിത്രങ്ങളും സഹിതം പരമ്പരയാക്കി ആറുമാസത്തേക്കു സംപ്രേഷണം ചെയ്യാന്‍ കരാറിലേര്‍പ്പെടാമെന്നു പറഞ്ഞു. തുടര്‍ന്ന്‌ തന്റെ സാമ്പത്തികസ്‌ഥിതിയെക്കുറിച്ചായി സംസാരം. വരുംദിവസങ്ങളില്‍ ചില ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവരുമെന്നു പറഞ്ഞു. യൂസഫലിക്ക്‌ ഇ.ഡി. നോട്ടീസ്‌ നല്‍കിയതുകൊണ്ട്‌ തന്നെ നശിപ്പിക്കാന്‍ ഒരു ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. തന്നെ നശിപ്പിക്കുകയോ നിലവിലുള്ള കേസുകളുമായി ബന്ധമില്ലാത്ത വിഷയത്തില്‍ ജയിലില്‍ ഇടുകയോ ചെയ്യുമെന്ന്‌ അവര്‍ ഉറപ്പാക്കും. ചുരുങ്ങിയതു മൂന്നുവര്‍ഷമെങ്കിലും അകത്താക്കാനാണ്‌ അവരുടെ ശ്രമമെന്നും പിള്ള ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here