യൂണിവേഴ്‌സിറ്റി കോളജില്‍ പഴയ ക്ലാസിന്റെ ആരവം; മന്ത്രിമാര്‍ വീണ്ടും വിദ്യാര്‍ഥികളാകും

0



തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ്‌ ഇന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ അപ്പുറത്തേക്ക്‌ തിരിച്ചു നടക്കും. ഓര്‍മകളുറങ്ങളുന്ന ക്ലാസ്‌ മുറികളില്‍ അന്നത്തെ പ്രഗത്ഭരായ അധ്യാപകര്‍ വീണ്ടും ക്ലാസെടുക്കാന്‍ എത്തുമ്പോള്‍ മന്ത്രിമാരായ സജി ചെറിയാനും ആര്‍. ബിന്ദുവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീണ്ടും വിദ്യാര്‍ഥികളായി എത്തും. കേരള സ്‌റ്റേറ്റ്‌ ബുക്ക്‌മാര്‍ക്കാണ്‌ അവിസ്‌മരണീയമായ ഈ ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌.
ബുക്ക്‌മാര്‍ക്ക്‌ സെക്രട്ടറിയായി മാധ്യമ പ്രവര്‍ത്തകന്‍ ഏബ്രഹാം മാത്യു ചുമതലയേറ്റെടുത്ത ശേഷമാണ്‌ ഇത്തരമൊരു ചടങ്ങ്‌ സംഘടിപ്പിക്കാന്‍ ആശയം ഉടലെടുക്കുന്നത്‌. ഇതിനൊപ്പം സഹപ്രവര്‍ത്തകര്‍കൂടി ചേര്‍ന്നതോടെയാണ്‌ പദ്ധതി പ്രാവര്‍ത്തികമാകുന്നത്‌. പദ്ധതി യൂണിവേഴ്‌സിറ്റി കോളജില്‍മാത്രമായി ഒതുങ്ങില്ല. കേരളത്തിലെ പ്രസിദ്ധമായ എല്ലാ കലാലയങ്ങളിലും പഴയ ക്ലാസുകള്‍ പുനര്‍ജ്‌ജനിക്കും. അതത്‌ കോളജുകളില്‍ പഠിപ്പിച്ച, ഇന്നു ജീവിച്ചിരിക്കുന്ന പ്രഗത്ഭരായ അധ്യാപകരാകും ക്ലാസുകള്‍ എടുക്കുക.
ഇങ്ങനെ എടുക്കുന്ന ക്ലാസുകള്‍ ചിത്രീകരിച്ച്‌ “പ്രചോദനത്തിന്റെ പ്രവാചകര്‍” എന്ന പേരില്‍ ഡോക്യുമെന്ററിയാക്കുകയും പുതിയ തലമുറയ്‌ക്ക്‌ പഴയകാല അധ്യാപകരുടെ ക്ലാസുകള്‍ പരിചയപ്പെടുത്തുകയുമാണ്‌ ലക്ഷ്യമെന്ന്‌ ഏബ്രഹാം മാത്യു പറഞ്ഞു. എഴുത്ത്‌, ജീവിതദര്‍ശനം, അധ്യാപനമികവ്‌ എന്നിവയാല്‍ തലമുറകളെ പ്രചോദിപ്പിച്ചവരുടെ അധ്യാപനശൈലി പുതിയതലമുറയ്‌ക്ക്‌ കേട്ടറിവ്‌ മാത്രമാണ്‌. അതുകൊണ്ടാണ്‌ തലമുറകളെ സ്വാധീനിച്ച അധ്യാപകരുടെ അധ്യാപന ശൈലിയുടെ പുനരാവിഷ്‌കാരം ബുക്ക്‌മാര്‍ക്ക്‌ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ക്ലാസുകളില്‍ പഴയതലമുറയ്‌ക്കൊപ്പം പുതിയ തലമുറയും പഠിതാക്കളാവും. ഡോ. എം. ലീലാവതി, പ്രഫ. എം.കെ. സാനു, പ്രഫ. വി. മധുസൂദനന്‍നായര്‍, സച്ചിദാനന്ദന്‍, ഡോ. ജോര്‍ജ്‌ ഓണക്കൂര്‍, ഡോ. എം.എ. ഉമ്മന്‍, പ്രഫ. ബി. രാജീവന്‍, ഡോ. രാജന്‍ ഗുരുക്കള്‍, പ്രഫ. കെ.കെ.എന്‍. കുറുപ്പ്‌, പ്രഫ. അലിയാര്‍ എന്നിവരാകും ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ എടുക്കുക.
ഇന്ന്‌ രാവിലെ പത്തരയ്‌ക്ക്‌ സാമ്പത്തിക ശാസ്‌ത്രവിദഗ്‌ധന്‍ കൂടിയായ ഡോ. എം.എ. ഉമ്മന്‍ ഇക്കണോമിക്‌സ്‌ ഫോര്‍ വും എന്ന വിഷയത്തിലാണ്‌ ക്ലാെസടുക്കുക. ഡോക്യുമെന്ററിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന മന്ത്രി സജി ചെറിയാനും ആദരിക്കല്‍ ചടങ്ങിനെത്തുന്ന മന്ത്രി പ്രഫ. ആര്‍ ബിന്ദുവും ഡോ. ഉമ്മന്റെ ക്ലാസില്‍ വിദ്യാര്‍ഥികളാകും. യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം അധ്യാപകനായിരുന്ന പ്രഫ. ബി. രാജീവന്‍ ഉച്ചകഴിഞ്ഞ്‌ മൂന്നരയ്‌ക്ക്‌ ക്ലാസെടുക്കും. വരും ദിവസങ്ങളില്‍ സംസ്‌ഥാനത്തെ പ്രമുഖ കോളജുകളില്‍ പഴയ ക്ലാസുകള്‍ പുനരാവിഷ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here