ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലിന്റെ കപ്പിത്താന്‍ മലയാളി

0


കുന്നംകുളം : മലയാളി ക്യാപ്‌റ്റനായ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എം.എസ്‌.സി. ഐറിന ഇന്നു ചൈനയില്‍ കമ്മിഷന്‍ ചെയ്യും. 10 ദിവസത്തിനുശേഷം ചൈനയിലെ ജിയാങ്ങ്‌സുയാങ്ങ്‌ സിന്‍ ഫു തുറമുഖത്തുനിന്ന്‌ സിംഗപ്പൂരിലേക്ക്‌ ആദ്യ കടല്‍ സഞ്ചാരം ആരംഭിക്കും. തൃശൂര്‍ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ്‌ ഈ ചരക്കുകപ്പലിന്റെ ക്യാപ്‌റ്റന്‍. 30 പേരടങ്ങുന്ന കപ്പല്‍ ജീവനക്കാരില്‍ വില്ലി ആന്റണിയെ കൂടാതെ രണ്ടു മലയാളി ജീവനക്കാര്‍ക്കൂടിയുണ്ട്‌. ഒരാള്‍ ഇലക്‌ട്രിക്‌ ഓഫീസറും മറ്റൊരാള്‍ കാഡറ്റുമാണ്‌. കടല്‍യാത്ര ആരംഭിക്കുന്ന കൂറ്റന്‍ ചരക്കുകപ്പലിന്റെ ആദ്യ കടല്‍ സഞ്ചാരം ആഘോഷമാക്കാനുള്ള തയാറടുപ്പിലാണ്‌ ചൈന.
സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആസ്‌ഥാനമായുള്ള എം.എസ്‌.സി.(മെഡിറ്ററേനിയന്‍ ഷിപ്പിങ്‌ കമ്പനി) ഐറിന ചരക്കു കപ്പലിന്റെ ഉടമ ഇറ്റലിക്കാരനാണ്‌. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ചരക്കുകപ്പലായ മെഴ്‌സ്‌കിനെ മറികടന്നാണ്‌ എം.എസ്‌.സി. ഐറിന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിന്റെ നെറുകയില്‍ ഒന്നാമതെത്തുന്നത്‌.
എം.എസ്‌.സി. ഐറിനയ്‌ക്ക്‌ 399.99 മീറ്റര്‍ നീളവും 61.3 മീറ്റ വീതിയും 24,346 ടി.ഇ.യു. (20അടി തുല്യ യൂണിറ്റ്‌) കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയും. ചൈനയിലെ ജിയാങ്‌സു യാങ്‌സി സിന്‍ഫു ഷിപ്പ്‌ ബില്‍ഡിങ്‌ കമ്പനി ലിമിറ്റഡാണ്‌ കപ്പല്‍ നിര്‍മിച്ചത്‌. 1978 മുതല്‍ സ്വിറ്റ്‌സര്‍ലന്റ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ മെഡിറ്ററേനിയന്‍ ഷിപ്പിങ്‌ കമ്പനി. 1970ല്‍ ഇറ്റലിയിലെ ജിയാന്‍ലൂയിഗയ്‌ അപ്പോന്റെ സ്‌ഥാപിച്ച ഒരു രാജ്യാന്തര ഷിപ്പിങ്‌ കമ്പനിയാണിത്‌.
27 വര്‍ഷത്തെ കടലില്‍ യാത്രാപരിചയമുള്ള ക്യാപ്‌റ്റനാണ്‌ പുറനാട്ടുകര സ്വദേശി വില്ലി ആന്റണി. ദീര്‍ഘകാലത്തെ അനുഭവപരിചയത്തിന്റെയും രാജ്യാന്തര കപ്പലോട്ടത്തിന്റെയും
ഭാഗമായാണ്‌ വില്ലി ആന്റണിയെ ക്യാപ്‌റ്റനായി തെരഞ്ഞെടുത്തത്‌. തൃശൂര്‍ മറൈനേഴ്‌സ്‌ക്ല ബ്‌ പ്രസിഡന്റാണ്‌. പുറനാട്ടുകര പാലോക്കാരന്‍ വീട്ടില്‍ പി.വി. ആന്റണിയുടെയും ലില്ലി ആന്റണിയുടെയും മകനാണ്‌. ഭാര്യ: ഹില്‍ഡ ആന്റണി. മകന്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായ ബെന്‍ഹെയ്‌ല്‍.

Leave a Reply