സര്‍ഗാത്മകത മറയാക്കി ഒ.ടി.ടിയില്‍ അശ്ലീലം വേണ്ട

0


ന്യൂഡല്‍ഹി: ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ സഭ്യേതര ഉള്ളടക്കമുള്ള പരിപാടികളുടെ ആധിക്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ഗാത്മക സ്വാതന്ത്ര്യം മറയാക്കി അശ്‌ളീല ദൃശ്യങ്ങളും സംഭാഷണങ്ങളും അനുവദിക്കാനാകില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂര്‍.
നാഗ്‌പുരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ കേന്ദ്രനിലപാട്‌ മന്ത്രി വ്യക്‌തമാക്കിയത്‌. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്‌ളീല, ലൈംഗിക ഉള്ളടക്കമുള്ള പരിപാടികള്‍ പെരുകുന്നുവെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ഇതു സംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെയാണു സര്‍ക്കാര്‍ വീക്ഷിക്കുന്നത്‌. സര്‍ഗാത്മകതയുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ മോശം ഭാഷയും ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുന്നത്‌ അംഗീകരിക്കാനാകില്ല. ഇതിനു തടയിടാന്‍ നിയമത്തിലും ചട്ടത്തിലും മാറ്റംവരുത്തേണ്ടത്‌ അനിവാര്യമെങ്കില്‍ കേന്ദ്രം അക്കാര്യവും പരിഗണിക്കും-മന്ത്രി പറഞ്ഞു.
നിലവിലെ ചട്ടപ്രകാരം അശ്‌ളീല ഉള്ളടക്കം സംബന്ധിച്ചു ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ പരിപാടിയുടെ നിര്‍മാതാവിനാണ്‌ ആദ്യഘട്ടത്തില്‍ ഉത്തരവാദിത്തം. ഉള്ളടക്കത്തില്‍ ആവശ്യമായ മാറ്റംവരുത്തി 90 ശതമാനത്തോളം പരാതികളും നിര്‍മാതാക്കള്‍ പരിഹരിക്കുന്നുണ്ടെന്നാണു ലഭ്യമായ വിവരം. ഇതു സാധ്യമാകാത്തപക്ഷം നിര്‍മാതാക്കളുടെ അസോസിയേഷന്‍ ഇടപെടല്‍ നടത്തും. അവിടെയും തീരാത്തപക്ഷം മാത്രമേ വിഷയം സര്‍ക്കാരിനു മുന്നിലെത്തുകയുള്ളൂ. അവിടെ വകുപ്പുതല സമിതികള്‍ പരിശോധിച്ചു തീരുമാനം കൈക്കൊള്ളുന്നതാണു പതിവ്‌. എന്നാല്‍, അടുത്തിടെയായി ഇത്തരം പരാതികള്‍ വര്‍ധിക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. മന്ത്രാലയം ഇതു ഗൗരവത്തോടെയാണു കാണുന്നത്‌. നിയമപരമായ മാര്‍ഗത്തിലൂടെ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കും. അതിനായി നിയമഭേദഗതിക്കും സര്‍ക്കാര്‍ തയാറാണ്‌- അനുരാഗ്‌ താക്കൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here