അരിക്കൊമ്പനെ അകത്താക്കാന്‍ ഡമ്മി റേഷന്‍ കട , കുങ്കിയാനകള്‍ തയാര്‍

0


തൊടുപുഴ: ചിന്നക്കനാലിലെ അരികൊമ്പനെ പിടികൂടുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക്‌. കുങ്കിയാനകളില്‍ ഒന്നിനെ, ഇന്നലെ രാത്രിയോടെ ചിന്നക്കനാലില്‍ എത്തിച്ചു. ചിന്നക്കനാല്‍ സിമെന്റ്‌ പാലത്തിന്‌ സമീപം റേഷന്‍ കടയ്‌ക്ക്‌ സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി, അരികൊമ്പനെ ആകര്‍ഷിച്ച്‌ പിടികൂടാനാണു പദ്ധതി.
സിമെന്റ്‌ പാലത്തിന്‌ സമീപം, മുന്‍പ്‌ അരികൊമ്പന്‍ തകര്‍ത്ത, ഒരു വീട്ടിലാണ്‌ താത്‌കാലിക “റേഷന്‍ കട” ഒരുക്കുക. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകം ചെയ്യുന്നത്‌ ഉള്‍പ്പടെ, ആള്‍ താമസം ഉണ്ടെന്നു തോന്നിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്‌ടിച്ച്‌ ആനയെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കാനാണ്‌ പദ്ധതി. സിമെന്റ്‌പാലത്ത്‌, കെണി ഒരുക്കുന്ന വീടിനോട്‌ ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍ വെട്ടി നീക്കി. വരും ദിവസങ്ങളില്‍ അടുപ്പ്‌ കൂട്ടി, അരി പാകം ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കും.
സിമെന്റ്‌ പാലത്തേയ്‌ക്ക്‌ എത്തുന്ന അരികൊമ്പനെ, മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ, പിടികൂടാനാകുമെന്നാണ്‌ കരുതുന്നത്‌.
21നു നടക്കുന്ന ഉന്നതതല യോഗത്തിലായിരിക്കും ആനയെ മയക്കുവെടിവയ്‌ക്കുന്ന തീയതി തീരുമാനിക്കുക. വയനാട്‌ മുത്തങ്ങയില്‍നിന്നും വിക്രം എന്ന കുങ്കിയാനയെ ഇന്നലെ രാത്രിയോടെയാണു ചിന്നക്കനാലില്‍ എത്തിച്ചത്‌. ആകെ നാല്‌ കുങ്കിയാനകളെയാണ്‌ അരികൊമ്പനെ പിടികൂടുന്നതിനായി കൊണ്ടുവരുന്നത്‌. വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ കുങ്കിയാനകളെയും
മുത്തങ്ങയില്‍നിന്നും ഇടുക്കിയിലെത്തിക്കും. 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും.
നിലവില്‍ സിമെന്റ്‌ പാലത്തിന്‌ സമീപ മേഖലകളില്‍ അരികൊമ്പന്‍ തമ്പടിച്ചിട്ടുള്ളതായാണു സൂചന. ആനയെ ആകര്‍ഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, പ്രത്യേക സേനയെത്തി നടപടി ആരംഭിക്കും.
30 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം എട്ട്‌ ടീമുകളായി തിരിഞ്ഞാവും പദ്ധതി നടപ്പാക്കുക. വനം വകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപിപ്പിയ്‌ക്കും.

Leave a Reply