ലാനിന മാറി, എല്‍നിനോ വരുന്നു , ഇക്കുറി വേനല്‍ കടുക്കും; കാലവര്‍ഷം കുറയും

0


കൊച്ചി : പസഫിക്‌ സമുദ്രത്തെ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസം (എല്‍നിനോ) കാലവര്‍ഷത്തെ ബാധിച്ചേക്കുമെന്നു സൂചന. കഴിഞ്ഞ മൂന്നുവര്‍ഷവും ലാനിന (സമുദ്രത്തെ തണുപ്പിക്കുന്നത്‌) പ്രതിഭാസത്തേത്തുടര്‍ന്ന്‌ കാലവര്‍ഷം സമൃദ്ധമായിരുന്നു. എന്നാല്‍, ഇക്കുറി എല്‍നിനോ മൂലം മഴ കുറഞ്ഞേക്കുമെന്നാണു കാലാവസ്‌ഥാഗവേഷകരുടെ നിഗമനം.
ജൂണ്‍, ജൂലൈ, ഓഗസ്‌റ്റ്‌ മാസങ്ങളില്‍ എല്‍നിനോ പ്രതിഭാസമുണ്ടായാല്‍ കാലവര്‍ഷത്തെ ശക്‌തമായി ബാധിക്കും. നിലവിലെ വിലയിരുത്തലനുസരിച്ച്‌ എല്‍നിനോയ്‌ക്ക്‌ 49% സാധ്യതയുണ്ട്‌. കഴിഞ്ഞ ജനുവരിയിലെ കാലാവസ്‌ഥയുടെ അടിസ്‌ഥാനത്തിലാണ്‌ ഈ കണക്കുകൂട്ടല്‍. കാലാവസ്‌ഥയില്‍ പിന്നീടുണ്ടാകുന്ന മാറ്റങ്ങള്‍ ഈ സാധ്യതയെ ബാധിച്ചേക്കാം.
എല്‍നിനോ രൂപപ്പെട്ടപ്പോഴൊക്കെ രാജ്യത്ത്‌ കാലവര്‍ഷം കുറഞ്ഞിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വേനലിന്റെ ദൈര്‍ഘ്യം കൂട്ടാനും ഈ പ്രതിഭാസത്തിനു കഴിയും. ഒപ്പം അന്തരീക്ഷതാപനില വര്‍ധിക്കും, മഴ കുറയും. ജൂണ്‍-ഓഗസ്‌റ്റ്‌ വരെ എല്‍നിനോ സാധ്യത 50 ശതമാനവും ജൂലൈ-സെപ്‌റ്റംബര്‍ വരെ 60 ശതമാനവുമാണ്‌.
ഈമാസം ആദ്യംമുതല്‍ നേരിയ വേനല്‍മഴ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടാകാതിരുന്നത്‌ അന്തരീക്ഷതാപം വര്‍ധിക്കാനിടയാക്കി. മാര്‍ച്ചില്‍ ഇതുവരെ സംസ്‌ഥാനത്തെവിടെയും മഴ പെയ്‌തതായി റിപ്പോര്‍ട്ടില്ല. 15 മുതല്‍ ഏപ്രില്‍ 15 വരെ വേനല്‍ കടുക്കും. സൂര്യരശ്‌മി ലംബമായി പതിക്കുന്നതിനാലാണിത്‌. ഇക്കാലയളവില്‍ രാജ്യത്ത്‌ ഉഷ്‌ണതരംഗസാധ്യതയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷതാപനില പതിവിലും വര്‍ധിക്കാന്‍ കാരണം മധ്യേന്ത്യയില്‍നിന്നുള്ള എതിര്‍ചുഴലിയാണ്‌. ഇതുമൂലം ഉഷ്‌ണക്കാറ്റ്‌ ദക്ഷിണമേഖലയിലേക്കു വീശുന്നു. മാര്‍ച്ച്‌-മേയ്‌ വരെ രാജ്യത്താകെ അന്തരീക്ഷതാപം പതിവിലും വര്‍ധിക്കുമെന്നു കേന്ദ്ര കാലാവസ്‌ഥാ ഗവേഷണകേന്ദ്രവും മുന്നറിയിപ്പ്‌ നല്‍കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here