ഹൈക്കോടതി ജഡ്‌ജി നിയമനപ്പട്ടിക സര്‍ക്കാരിനു കൈമാറി , പട്ടികയില്‍ അഭിഭാഷകരുടെ പേരില്ല

0


കൊച്ചി : ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌ത ഹൈക്കോടതി ജഡ്‌ജി നിയമനപ്പട്ടിക സംസ്‌ഥാന സര്‍ക്കാരിന്റെ പരിഗണനയ്‌ക്കു കൈമാറി. എന്നാല്‍, പട്ടികയില്‍ അഭിഭാഷകരുടെ പേരില്ല. ജില്ലാ ജഡ്‌ജിമാരുടെ രണ്ടു പട്ടികകളാണു പൊതുഭരണ വകുപ്പിനു കൈമാറിയിട്ടുള്ളത്‌. ഒന്നില്‍ അഞ്ചും മറ്റൊന്നില്‍ ഏഴും പേരുകളാണെന്നാണു സൂചന. രണ്ടു ജില്ലാ ജഡ്‌ജിമാരുടെ സീനിയോറിറ്റിയുടെ കാര്യത്തില്‍ തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്നാണ്‌ ഒന്നിലധികം പട്ടിക തയാറാക്കിയത്‌.
അതേസമയം, അഭിഭാഷകരില്‍നിന്നുമുള്ള നിയമനകാര്യത്തില്‍ കൊളീജിയം തീരുമാനമെടുത്തില്ല. ഇക്കാര്യം പുതിയ കൊളീജിയമാകുംഇനി പരിഗണിക്കുക. നിലവില്‍ ജില്ലാ ജഡ്‌ജിമാരില്‍നിന്ന്‌ ഏഴും അഭിഭാഷകരില്‍നിന്ന്‌ അഞ്ചും പേരുടെ പട്ടിക അയയ്‌ക്കാം.അതേസമയം, രണ്ടു പട്ടികയിലും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പട്ടികകള്‍ അതേപടി സുപ്രീം കോടതി കൊളീജിയത്തിനു കൈമാറാനാണ്‌ ഉദ്ദേശിക്കുന്നത്‌.
കഴിഞ്ഞ 17 നാണ്‌ കൊളിജിയം ചേര്‍ന്നു ജില്ലാ ജഡ്‌ജിമാരുടെ പട്ടിക അംഗീകരിച്ചത്‌. അടുത്ത ദിവസങ്ങളില്‍ കൊളീജിയം അംഗങ്ങള്‍ അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മൂന്ന്‌ അഭിഭാഷകരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഇതില്‍ ഒരാളുടെ നിയമനത്തെ കൊളീജിയത്തിലെ ഒരംഗം എതിര്‍ത്തതായാണു വിവരം. സമവായത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നു ജില്ലാ ജഡ്‌ജിമാരുടെ രണ്ടു പട്ടികകള്‍ സുപ്രീം കോടതി കൊളീജിയത്തിനു കൈമാറാനും അഭിഭാഷകരുടെ പട്ടിക തല്‍ക്കാലം അയക്കേണ്ടതില്ലെന്നും ധാരണയില്‍ എത്തുകയായിരുന്നു.ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാര്‍ അടുത്തമാസം 24 നു വിരമിക്കും. മറ്റൊരംഗമായ ജസ്‌റ്റിസ്‌ കെ. വിനോദ്‌ ചന്ദ്രന്‍ പട്‌ന ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിക്കപ്പെട്ടതോടെ അടുത്ത സീനിയര്‍ ജഡ്‌ജിയായ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌ കൊളീജിയത്തിലെത്തി. തെലങ്കാന സ്വദേശിയായ എസ്‌.വി. ഭട്ടിയാണു കൊളിജീയത്തിലെ മൂന്നാമന്‍. ചീഫ്‌ ജസ്‌റ്റിസ്‌ വിരമിക്കുമ്പോള്‍ നിലവിലെ സഹാചര്യമനുസരിച്ചു ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖാണു കൊളീജിയത്തിലെത്തണം. എന്നാല്‍, മറ്റേതെങ്കിലും ഹൈക്കോടതിയില്‍നിന്നു പുതിയ ചീഫ്‌ ജസ്‌റ്റിസിനെ നിയമിക്കാനുള്ള സാധ്യതയുമേറെ. അല്ലാത്തപക്ഷം, സീനിയര്‍ ജഡ്‌ജി ജസ്‌റ്റിസ്‌ എസ്‌.വി. ഭട്ടിയാണു ചീഫ്‌ ജസ്‌റ്റിസാകേണ്ടത്‌.
ചീഫ്‌ ജസ്‌റ്റിസ്‌ വിരമിക്കുന്നതിനു ഒരു മാസം മുമ്പു ജഡ്‌ജി നിയമന ശിപാര്‍ശ നല്‍കണമെന്നു കീഴ്‌വഴക്കമുണ്ടെങ്കിലും നിയമമോ ചട്ടമോ ഇല്ല. പലപ്പോഴും ഈ കീഴ്‌വഴക്കം മാറികടന്നിട്ടുമുണ്ട്‌. ചീഫ്‌ ജസ്‌റ്റിസായിരുന്ന ആന്റണി ഡൊമനിക്‌ 2018 മേയില്‍ വിരമിക്കുന്നതിനു ഒരാഴ്‌ച മുമ്പു കൊളീജിയം ചേര്‍ന്നു ജഡ്‌ജിനിയമന ശിപാര്‍ശ നല്‍കിയ കീഴ്‌വഴക്കമുണ്ട്‌.
അതിനാല്‍, മധ്യവേനല്‍ അവധിക്കായി അടുത്തമാസം 13 നു ഹൈക്കോടതി അടയ്‌ക്കും മുമ്പായി കൊളിജിയം ചേരാന്‍ അവസരമുണ്ട്‌. പട്‌ന ഹൈക്കോടതി ചീഫ്‌ ജസറ്റിസായി നിയമിതനായ ജസ്‌റ്റിസ്‌ കെ. വിനോദ്‌ ചന്ദ്രന്റെ സത്യപ്രതിജ്‌ഞ ഇന്നു നടക്കും. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ അഡ്വക്കേറ്റ്‌ ജനറല്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here