പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍

0


പുന്നയൂര്‍ക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌ പോയി ലൈംഗികമായി പീഡിപ്പിച്ച കഞ്ചാവ്‌ കേസിലെ പ്രതി അറസ്‌റ്റില്‍. വയനാട്‌ തൊണ്ടര്‍നാട്‌ മട്ടിലയം കേളോത്ത്‌ വീട്ടില്‍ അജ്‌മലി (33)നെയാണ്‌ വടക്കേക്കാട്‌ എസ്‌.എച്ച്‌.ഒ. അമൃതരംഗന്റെ നേതൃത്വത്തില്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. പെണ്‍കുട്ടിയുമായി പോവുകയായിരുന്ന അജ്‌മലിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബത്തേരിയില്‍ വച്ചാണ്‌ പിടികൂടിയത്‌. കുട്ടിയുടെ മൊഴിയില്‍നിന്നും പ്രതിയെ ചോദ്യം ചെയ്‌തതില്‍നിന്നുമാണ്‌ പോലീസിന്‌ കൂടുതല്‍ വിവരം ലഭിച്ചത്‌.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ്‌ വടക്കേക്കാട്‌ സ്വദേശിയായ പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതി പോലീസിന്‌ ലഭിച്ചത്‌. ഉടന്‍ തന്നെ പോലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചു. തൃശൂര്‍ സിറ്റി പോലീസ്‌ സൈബര്‍ സെല്‍ സി.പി.ഒ. ശരത്തിന്റെ കൃത്യമായ പരിശോധനയില്‍ പെണ്‍കുട്ടി ഇന്‍സ്‌റ്റാഗ്രാം മുഖേന ഖത്തറില്‍ ഡ്രൈവര്‍ ജോലിചെയ്യുന്ന വയനാട്‌ സ്വദേശിയായ അജ്‌മല്‍ (33) എന്നയാളുമായി അടുപ്പം ഉണ്ടെന്ന്‌ മനസിലാക്കുകയും അജ്‌മലിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം ഖത്തറില്‍നിന്നും കോഴിക്കോട്‌ എയര്‍പോര്‍ട്ടിലും പിന്നീടു തൃശൂരിലും എത്തിയിരുന്നതായും പോലീസ്‌ മനസിലാക്കി. ഇവിടെവച്ച്‌ അജ്‌മലിന്റെ സിംകാര്‍ഡ്‌ മാറിയെങ്കിലും എസ്‌.എച്ച്‌.ഒ. അമൃത്‌ രംഗന്റെ നേതൃത്വത്തിലുള്ള സംഘം വിദഗ്‌ധമായ അന്വേഷണത്തിലൂടെ ഇരുവരും വയനാട്‌ ഉണ്ടെന്നു മനസിലിക്കുകയും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ ബത്തേരിയില്‍നിന്നും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. തനിക്ക്‌ 25 വയസാണുള്ളതെന്നും വിവാഹിതനല്ലെന്നും വിവാഹം കഴിച്ച്‌ ഖത്തറിലേക്ക്‌ കൊണ്ടുപോകാമെന്നും പറഞ്ഞാണ്‌ അജ്‌മല്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചത്‌.

തൃശൂരില്‍നിന്നും വയനാട്ടേക്കുള്ള യാത്രയ്‌ക്കിടയില്‍ കോഴിക്കോടുള്ള ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാല്‍ 33 വയസുള്ള അജ്‌മല്‍ വിവാഹിതനും പത്തും എട്ടും വയസുമുള്ള കുട്ടികളുടെ പിതാവുമാണ്‌. അജ്‌മലിനെ 2020ല്‍ കഞ്ചാവ്‌ കേസില്‍ വയനാട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. വടക്കേക്കാട്‌ പോലീസ്‌ ഇയാള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. അന്വേഷണ സംഘത്തില്‍ എസ്‌.ഐ. സിസില്‍ ക്രിസ്‌റ്റ്യന്‍ രാജ്‌, എ.എസ്‌.ഐമരായ സുധാകരന്‍, ബിജു, സിവില്‍ പോലീസര്‍മാരായ സൗമ്യ, മിഥുന്‍, സുജിത്ത്‌, ജീന്‍ദാസ്‌, നിബു, രതീഷ്‌ എന്നിവരുമുണ്ടായിരുന്നു.

Leave a Reply