തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ബന്ധുചമഞ്ഞ്‌ പീഡനം: പ്രതി റിമാന്‍ഡില്‍

0


തൃശൂര്‍: മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ആശുപത്രി അധികൃതര്‍ക്ക്‌ വീഴ്‌ചയെന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്‌. വേണ്ടത്ര സുരക്ഷയൊരുക്കാതെയാണ്‌ വനിതാരോഗിയെ അയച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജിന്‌ വീഴ്‌ചയില്ലെന്ന്‌ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട്‌ ഡി.എം.ഇയ്‌ക്ക് കൈമാറും. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ അടിയന്തര റിപ്പോര്‍ട്ട്‌ തേടി. ദയാലാല്‍ ആംബുലന്‍സില്‍ കയറിയത്‌ ഗുരുതര വീഴ്‌ചയാണ്‌. ആംബുലന്‍സില്‍ ഇയാളെ കയറ്റിയ സംഭവത്തില്‍ അന്വേഷണമുണ്ടാകും. കടുത്ത നടപടിയുണ്ടാകുമെന്നാണ്‌ സൂചന.

സുരക്ഷാ വീഴ്‌ചയുണ്ടായോ എന്നത്‌ അടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം വേണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്‌ ഇന്‍ചാര്‍ജ്‌, ആര്‍.എം.ഒ. എന്നിവര്‍ സംഭവത്തില്‍ അന്വേഷണം നടത്തി. കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ഗവ.ആശുപത്രിയിലെ ഇലക്ര്‌ടിക്കല്‍ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെതിരേ കടുത്ത നടപടി വേണമെന്ന്‌ നിര്‍ദേശിച്ചു. ആംബുലന്‍സില്‍ ഇയാളെ കയറ്റിയത്‌ എന്തിനാണെന്ന സംശയം ബന്ധപ്പെട്ടവര്‍ക്കുണ്ട്‌. ആശുപത്രിയിലെ താല്‍കാലിക ഇലക്‌ട്രിക്കല്‍ ജീവനക്കാരനാണ്‌ ദയാലാല്‍. ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കോടതി റിമാന്‍ഡ്‌ ചെയ്‌തു.

108 ആംബുലന്‍സിലാണ്‌ യുവതിയെ ആശുപത്രിയിലേക്ക്‌ എത്തിച്ചത്‌. ഗുരുതരാവസ്‌ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുമ്പോള്‍ ആശുപത്രിയിലെ സ്‌ഥിരം ജീവനക്കാരേയോ സ്‌റ്റാഫ്‌ തസ്‌തികയിലുള്ള നഴ്‌സിനെയോ കൂട്ടിന്‌ അയക്കണമെന്നാണ്‌ ചട്ടം. എന്നാല്‍ വനിതാ ജീവനക്കാര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ല. അത്യാസന്ന നിലയിലുള്ള രോഗിക്കൊപ്പം വനിതാ ജീവനക്കാരിയെ വിടാതിരുന്നത്‌ വലിയ വീഴ്‌ച്ചയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വം കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ആശുപത്രി അധികൃതര്‍ക്കാണെന്ന്‌ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. കേസിലെ പ്രതി ദയാലാല്‍ അടുത്ത ബന്ധു എന്നാണ്‌ മെഡി. കോളജില്‍ പറഞ്ഞത്‌.

കേസ്‌ഷീറ്റിലുള്‍പ്പെടെ കെയര്‍ ഓഫ്‌ ആയി ഇയാളുടെ പേരാണ്‌ നല്‍കിയത്‌. മെഡി. കോളജില്‍ യുവതിയെ പരിചരിച്ചത്‌ വനിതാ ജീവനക്കാരാണ്‌. യുവതിയുടെ വസ്‌ത്രം മാറ്റിയ ശേഷമാണ്‌ അതിക്രമം നടന്നത്‌. ഈ സമയത്ത്‌ യുവതി അര്‍ധബോധാവസ്‌ഥയിലായിരുന്നു. യുവതി പിന്നീടാണ്‌ ദുരനുഭവം വെളിപ്പെടുത്തിയത്‌. ഉടനെ പോലീസിന്‌ വിവരം കൈമാറിയെന്നാണ്‌ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന്‌ കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ അത്യാസന്നനിലയിലെത്തിച്ച കൈപ്പമംഗലം സ്വദേശിനിക്ക്‌ നേരെയാണ്‌ ലൈംഗികാതിക്രമം. വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൂടെ ബന്ധുക്കളുണ്ടായിരുന്നില്ല.

അനാഥയായ യുവതിയുടെ ഭര്‍ത്താവ്‌ വിദേശത്താണ്‌. ഇത്‌ മനസിലാക്കി താല്‍ക്കാലിക ജീവനക്കാരനായ ദയാലാല്‍ യുവതിക്കൊപ്പം ആംബുലന്‍സില്‍ കയറുകയാണുണ്ടായത്‌. അര്‍ധ അബോധാവസ്‌ഥയിലായ യുവതിയെ മെഡിക്കല്‍ കോളജിലെത്തിയ ശേഷം ഇയാള്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ബന്ധു എന്ന നിലയിലാണ്‌ ആശുപത്രിയില്‍ പെരുമാറിയത്‌. ബോധം തിരികെ വന്ന പെണ്‍കുട്ടി മറ്റ്‌ രോഗികളുടെ ബന്ധുക്കളോടും നഴ്‌സിനോടും പീഡനം നടന്ന വിവരം പറഞ്ഞതോടെ പോലീസ്‌ ഇടപെടലിനു വഴി തുറന്നു. ഉടന്‍ ദയാലാല്‍ ആശുപത്രിയില്‍നിന്ന്‌ മുങ്ങി. എന്നാല്‍ പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്ത്‌ മെഡിക്കല്‍ കോളജ്‌ പോലീസിന്‌ കൈമാറി.

Leave a Reply