എൻ.സി. മോഹനൻ പെരുമ്പാവൂർ ഏരിയ കമ്മിറ്റിയിലേക്ക്; സാജു പോൾ, എം.ഐ. ബീരാസ്, ആർ.എം. രാമചന്ദ്രൻ എന്നിവർ ലോക്കൽ കമ്മിറ്റികളിലേക്ക്; പാർട്ടിയിൽ നിന്ന് നടപടി നേരിട്ട് തരംതാഴ്‌ത്തപ്പെട്ടു കഴിഞ്ഞിരുന്ന നേതാക്കൾക്ക് പ്രമോഷൻ നൽകാൻ സിപിഎം

0

പാർട്ടിയിൽ നിന്ന് നടപടി നേരിട്ട് തരംതാഴ്‌ത്തപ്പെട്ടു കഴിഞ്ഞിരുന്ന നേതാക്കൾക്ക് പ്രമോഷൻ നൽകാൻ സിപിഎം. ജില്ലാ നേതൃയോഗങ്ങളിൽ തീരുമാനം വിവാദത്തിലേക്ക്. നടപടിയെ തുടർന്ന് പാർട്ടി അംഗമായി ബ്രാഞ്ചുകളിൽ കഴിഞ്ഞിരുന്ന ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഏരിയ സെക്രട്ടറിമാരെയും ഏരിയ കമ്മിറ്റിയിലേക്കും ഏരിയ കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്കുമാണ് എടുക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് നടപടി നേരിട്ടവർക്ക് പ്രമോഷൻ നൽകാൻ തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി കമ്മിഷൻ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടത്തിയതിനെത്തുടർന്നാണ് ഒന്നരവർഷം മുമ്പ് നേതാക്കളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. പിന്നീട് അവരെ ബ്രാഞ്ചുകളിലേക്ക് തിരിച്ചെടുത്തു. നടപടിക്കു വിധേയരായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. മണിശങ്കറെ തൃക്കാക്കര ഏരിയ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ.സി. മോഹനനെ പെരുമ്പാവൂർ ഏരിയ കമ്മിറ്റിയിലുമാണ് ഉൾപ്പെടുത്തുന്നത്.

ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന വി.പി. ശശീന്ദ്രൻ, പി.കെ. സോമൻ എന്നിവരെയും ഏരിയ സെക്രട്ടറിയായിരുന്ന പി.എം. സലിമിനെയും പെരുമ്പാവൂർ ഏരിയ കമ്മിറ്റിയിലേക്കും തൃക്കാക്കര ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി. വിൻസെന്റിനെ ഏരിയ കമ്മിറ്റിയിലേക്കും ഉൾപ്പെടുത്തി. പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ സാജു പോൾ, എം.ഐ. ബീരാസ്, ആർ.എം. രാമചന്ദ്രൻ എന്നിവരെ ലോക്കൽ കമ്മിറ്റികളിലേക്കാണ് എടുക്കുന്നത്. അടുത്ത സമ്മേളന കാലത്ത് ഇവർക്ക് പഴയ പദവിയും കിട്ടും. അതിന് വേണ്ടിയാണ് ഇപ്പോഴത്തെ പ്രെമോഷൻ. ഔദ്യോഗിക പക്ഷത്തിന് താൽപ്പര്യമുള്ളവർക്കാണ് ആനുകൂല്യം കിട്ടുന്നത്.

നടപടി നേരിട്ട് പാർട്ടിയിൽ നിന്ന് പുറത്തായ കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയായിരുന്ന ഷാജു ജേക്കബിന്റെയും ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തപ്പട്ട തൃപ്പൂണിത്തുറയിൽനിന്നുള്ള സി.എൻ. സുന്ദരന്റെയും കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരിൽ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്ന വി.എ. സക്കീർ ഹുസൈനെ കളമശ്ശേരി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. സക്കീർ ഹുസൈനും നേതൃത്വത്തിലേക്ക് പതിയെ മടങ്ങിയെത്തുകയാണ്. സിപിഎമ്മിലെ വിഭാഗിയതയാണ് സക്കീരിനെതിരായ ആരോപണങ്ങലിലേക്ക് കാര്യങ്ങളെത്തിച്ചത്.

പെരുമ്പാവൂർ, കൂത്താട്ടുകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിക്കുകീഴിൽ വരുന്ന മുതിർന്ന നേതാക്കളെയാണ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ, പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടപടിയെടുത്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പൂർണമായും രംഗത്തിറങ്ങിയിട്ടും വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പൊതുതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതിൽ കാര്യമില്ലെന്ന് സംസ്ഥാന നേതൃത്വംതന്നെ തീരുമാനിക്കുകയായിരുന്നു.

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ചർച്ചയ്ക്ക് വരാനിരിക്കുന്നതേയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here