മരിച്ചെന്നു കരുതി സംസ്‌കാരം നടത്തിയ യുവാവിന്റെ വീട്ടുകാരെ തേടി സന്തോഷവാര്‍ത്ത, ദീപകിനെ ഗോവയില്‍ കണ്ടെത്തി

0

സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ ഇര്‍ഷാദിന്റെ മൃതദേഹം ദീപക് എന്ന യുവാവിന്റേതാണെന്നു തെറ്റിദ്ധരിച്ചു ദീപകിന്റെ വീട്ടുകാര്‍ സംസ്‌കരിച്ചു. പേരാമ്പ്ര മേപ്പയ്യൂരില്‍ നിന്നു എട്ടു മാസം മുന്‍പാണ് ദീപകിനെ കാണാതായത്.

വിസയുടെ ആവശ്യത്തിനായി ജൂണ്‍ ഏഴിനു ദീപക് എറണാകുളത്തേക്ക് പോയത്. രാത്രി അമ്മ ശ്രീലതയെ ഫോണ്‍ വിളിച്ചിട്ടാണ് ദീപക് ഉറങ്ങാന്‍ പോയത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ മകന്റെ ഫോണ്‍കോള്‍ കാണാത്തതില്‍ സംശയം തോന്നിയ ശ്രീലത മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. ദീപകിനായുള്ള അന്വേഷണം നടക്കുന്നതിനിടെ ജൂലായ് 17 നു തിക്കോടിയില്‍ കടപ്പുറത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഇതില്‍ സംശയം തോന്നിയ പോലീസ് ദീപക്കിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. മൃതദേഹം ദീപക്കിന്റെ രൂപത്തോട് സാദൃശ്യമുള്ളമുള്ളതായി തോന്നിയതിനാല്‍ വീട്ടുകാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് വീട്ടവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ഡി.എന്‍.എ പരിശോധനാ ഫലം വന്നപ്പോഴാണ് സംസ്‌കരിച്ചത് ദീപക്കിന്റെ മൃതദേഹം അല്ല എന്നു മനസ്സിലായത്.

സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് എന്നയാള്‍ക്കു വേണ്ടി അന്വേഷണം നടത്തിയപ്പോള്‍ കിട്ടിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ ഫലം പരിശോധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പരിശോധനാ ഫലവുമായി കടപ്പുറത്തു കണ്ടെത്തിയ മൃതദേഹത്തിന് സാമ്യം ഉണ്ടായിരുന്നു. അതോടെയാണ് മരിച്ചത് ഇര്‍ഷാദ് ആണെന്നു തിരിച്ചറിഞ്ഞത്.

ഇര്‍ഷാദിന്റെ മൃതദേഹം തെറ്റിദ്ധരിച്ചു സംസ്‌കാരം നടത്തിയത് വിവാദമായതിന് പിന്നാലെ ദീപക്കിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയും ഇയാളെ പിന്നീട് ഗോവയില്‍ നിന്നു കണ്ടെത്തുകയുമായിരുന്നു. ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയാണ് ഇയാള്‍ ഗോവയിലുണ്ടെന്നു മനസിലാക്കിയത്.

ഇയാളെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത നീങ്ങുകയുള്ളൂ. എസ്.ഐ മാരായ പി.പി.മോഹനകൃഷ്ണന്‍, കെ.പി. സുരേഷ് ബാബു, കെ.പി. രാജീവന്‍, വി.പി. രവി, സന്തോഷ്, എ.എസ്‌ഐ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ അന്വേഷണസംഘം.

ഗോവയിലെ പോലീസ് സ്‌റ്റേഷനിലുള്ള ഇയാളെ കേരളത്തിലെത്തിയ്ക്കാനായി ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട വിവരം ഡി.വൈ.എസ്.പി ആര്‍. ഹരിദാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here