ഭക്ഷ്യവിഷബാധയുടെ പേരില്‍ പൂട്ടിയ ഹോട്ടലില്‍നിന്നു ഭക്ഷണംവാങ്ങിക്കഴിച്ച്‌ ചികിത്സതേടിയതിനു പിന്നാലെ ഗൃഹനാഥന്‍ മരിച്ചു

0

ഭക്ഷ്യവിഷബാധയുടെ പേരില്‍ പൂട്ടിയ ഹോട്ടലില്‍നിന്നു ഭക്ഷണംവാങ്ങിക്കഴിച്ച്‌ ചികിത്സതേടിയതിനു പിന്നാലെ ഗൃഹനാഥന്‍ മരിച്ചു. കൂട്ടുകാട്‌ കൊല്ലമാപറമ്പില്‍ ജോര്‍ജാ (57) ണു മരിച്ചത്‌. ഭക്ഷ്യവിഷബാധയാണു മരണകാരണമായതെന്ന സംശയത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി.
നൂറോളം പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ പറവൂരിലെ മജ്‌ലിസ്‌ ഹോട്ടലില്‍നിന്ന്‌ ജോര്‍ജും കുടുംബാംഗങ്ങളും കഴിഞ്ഞ 16നു രാത്രി പാഴ്‌സലായി കുഴിമന്തി വാങ്ങിക്കഴിച്ചിരുന്നു. ചിക്കനൊഴികെ റൈസ്‌, മയോണൈസ്‌, സാലഡ്‌ എന്നിവയാണു വാങ്ങിയത്‌. പിറ്റേന്നു വയറുവേദനയും വയറിളക്കവും ഉണ്ടായതോടെ ജോര്‍ജിനെ ആദ്യം താലൂക്ക്‌ ആശുപത്രിയിലും 18ന്‌ എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. വിദഗ്‌ധ ചികിത്സയ്‌ക്കായി അന്നു തന്നെ ലൂര്‍ദ്‌ ആശുപത്രിയിലേക്കു മാറ്റി. 27ന്‌ സിസ്‌ചാര്‍ജ്‌ ചെയ്‌തു വീട്ടിലേക്കു മടങ്ങിയ ജോര്‍ജ്‌ പിറ്റേന്നു രാത്രി മരിച്ചു.
കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന ജോര്‍ജ്‌, പാര്‍ക്കിന്‍സണ്‍സ്‌ രോഗബാധിതനായതോടെ ലോട്ടറി വില്‍ക്കുകയാണ്‌. ഈ രോഗത്തിന്‌ ലൂര്‍ദ്‌ ആശുപ്രതിയിലായിരുന്നു ചികിത്സ. അതിനാലാണു വയറുവേദന കുറയാതിരുന്നപ്പോള്‍ അവിടെ പ്രവേശിപ്പിച്ചത്‌. പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ ഫലം ലഭിച്ചാലേ മരണകാരണം സ്‌ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നു പോലീസ്‌ പറഞ്ഞു. ജോര്‍ജിന്റെ സംസ്‌കാരം നടത്തി. ഭാര്യ: സിനി. മകന്‍ എഡ്വിന്‍.

Leave a Reply