ഭരണഘടനയെ അവഹേളിച്ചുവെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ തടസ്സഹർജി കോടതി തള്ളി

0

ഭരണഘടനയെ അവഹേളിച്ചുവെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ തടസ്സഹർജി കോടതി തള്ളി. അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ടിനെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

കേസ് അവസാനിപ്പിക്കുന്നതിന് പൊലീസ് നൽകിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. തിരുവല്ല മജിസ്‌ട്രേറ്റുകോടതിയാണ് ഹർജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടർനടപടികൾക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനിടെ, സജി ചെറിയാൻ ബുധനാഴ്ച വൈകീട്ട് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് ഹർജി നൽകിയത്. കേസിൽ കോടതിയിൽനിന്ന് തീർപ്പുണ്ടാകുന്നതിനുമുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാൻ സിപിഎം തീരുമാനം എടുത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ കോടതി ഹർജി തള്ളിയത് അദ്ദേഹത്തിന് ആശ്വാസമായി.

ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയെന്നാണ് കേസ്. തിരുവല്ല കോടതിയുടെ നിർദ്ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തത്. അതിനിടെ, അദ്ദേഹത്തിന് അനുകൂലമായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഈ പൊലീസ് റിപ്പോർട്ട് റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു ഇതോടെയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാൻ നീക്കം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here