ആളുകളെ പറ്റിച്ച് മാഹിയിലെ പെട്രോൾ പമ്പുകൾ; ഇന്ധനക്ഷാമം കൃത്രിമമായി സൃഷ്ടിച്ച് പ്രീമിയം പെട്രോൾ അടിപ്പിക്കുന്നതായി പരാതി

0

മാഹി: മാഹി കേന്ദ്രഭരണ പ്രദേശമായതിനാൽ ഇന്ധനത്തിനും മദ്യത്തിനും മാഹിയിൽ വില കുറവാണ്. തലശ്ശേരിയിൽ നിന്നും കോഴിക്കോട് നിന്നും ഒക്കെ ആളുകൾ സ്ഥിരമായി മാഹിയിലെത്തി മദ്യം വാങ്ങുന്നതും ഇന്ധനം നറിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇതിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന വരെ മാഹിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പുകൾ വഞ്ചിക്കുന്നതായി വ്യാപക പരാതി ഉയരുന്നു.

ഇന്നത്തെ വില പ്രകാരം മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.80 രൂപയാണ് പെട്രോൾ പമ്പുകളിൽ ഈടാക്കുന്നത്. ഒരു ലിറ്റർ ഡീസലിന് 83.72 രൂപയും. ടാക്‌സ് ഇനത്തിൽ വരുന്ന മാറ്റമാണ് വിലക്കുറവിൽ മാഹിയിൽ പെട്രോൾ കൊടുക്കാനായി കാരണമാകുന്നത്. പോണ്ടിച്ചേരിയുടെ കീഴിലാണ് മാഹി. മാഹി മേഖലയിൽ പെട്രോളും ഡീസലും യഥേഷ്ടം സ്റ്റോക്ക് ഉണ്ടായിട്ടും സ്റ്റോക്കില്ല എന്ന് ആളുകളെ ബോധിപ്പിച്ച് കൃത്രിമ ക്ഷാമം സൃഷ്ടിച്ചുകൊണ്ട് ആളുകൾക്ക് പ്രീമിയം പെട്രോളും ഡീസലും നൽകുന്നു എന്നാണ് പരാതി. എക്‌സ്ട്രാ ഗ്രീൻ എന്ന പേരിലാണ് വില കൂടുതലുള്ള ഡീസൽ ഇവിടെ നൽകുന്നത്.

എല്ലാ പമ്പുകളിലും സ്റ്റോക്ക് ബോർഡ് നിർബന്ധമാണ്. ഈ സ്റ്റോക്ക് ബോർഡിൽ പത്തായിരത്തിനു മുകളിൽ ലിറ്റർ സ്റ്റോക്ക് കാണിക്കുമ്പോഴും ആളുകളുടെ അടുത്ത് സ്റ്റോക്കില്ല എന്ന് പറയുന്നതിൽ ആണ് പലയാളുകളെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഡീലർമാരുടെ എടുത്ത് ചോദിച്ചു കഴിഞ്ഞാൽ പ്രീമിയം പെട്രോളും പ്രീമിയം ഡീസലും കൂടുതലായി വിറ്റഴിക്കണം എന്ന കമ്പനിയുടെ നിർദ്ദേശം അനുസരിച്ചാണ് അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നാണ് മറുപടി.

പ്രീമിയം ഡീസലിന് സാധാരണ ഡീസലിനേക്കാൾ 3.36 രൂപ അധികതയും പ്രീമിയം പെട്രോളിന് 4.44 രൂപ അധികവും കൊടുക്കണം. ഈ അധിക ലാഭം ആയിരിക്കാം കമ്പനികൾ ലക്ഷ്യം വെക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 106.27 രൂപ കൊടുക്കണമെന്ന് ഇരിക്കുകയാണ് തലശ്ശേരിക്ക് അടുത്ത സ്ഥലമായ മാഹിയിൽ 13 രൂപയോളം വ്യത്യാസം ഒരു ലിറ്റർ പെട്രോളിന് മുകളിൽ ലഭിക്കുന്നത്.

ഇനി പ്രീമിയം പെട്രോൾ മാത്രമേ ഉള്ളൂ എന്നു പറഞ്ഞാലും മിക്ക ആളുകളും സാധാരണ കേരളത്തിൽ നിന്ന് വാങ്ങുന്ന പെട്രോളിനെക്കാളും ആറു രൂപയോളം കുറവാണ് പ്രീമിയം പെട്രോളിന് ഉള്ളത് എന്നതിനാൽ അടിക്കാൻ മടി കാണിക്കാതെ യഥേഷ്ടം അടിക്കും. ഈ മനോഭാവമാണ് പെട്രോൾ ഡീസൽ പമ്പ് ഡീലർമാർക്ക് വളം വച്ചു കൊടുക്കുന്നത് എന്നുള്ള ആരോപണവും ശക്തമാകുന്നുണ്ട്. കൂടുതലായും ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മാഹിയിലെ സ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാഹി മേഖലയിലെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുടെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. താരതമ്യേന മാഹിയിൽ ഇന്ത്യൻ ഓയിൽ കമ്പനിയിലെ പെട്രോൾ പമ്പുകൾക്കാണ് തിരക്ക് എങ്കിലും പതിവിൽ നിന്ന് വിപരീതമായാണ് കുറച്ചു ദിവസങ്ങളായി ഈ കാഴ്ച. പ്രീമിയം പെട്രോളും ഡീസലും പമ്പുകളിലേക്ക് എടുത്തില്ല എങ്കിൽ സാധാരണ പെട്രോളും ഡീസലും കമ്പനികൾ അനുവദിക്കുന്നില്ല എന്നുള്ള പരാതിയും പെട്രോൾ ഡീസൽ ഡീലർമാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട് .ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഈ നയത്തിനെതിരെ മാഹി റീജണൽ അഡ്‌മിനിസ്‌ട്രേറ്റർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് ഉപഭോക്താക്കളിൽ ചിലർ

Leave a Reply