നയനസൂര്യയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? നേരറിയാൻ ക്രൈം ബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും

0

തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാനുള്ള ക്രൈം ബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. തിരുവനന്തപുരം യൂണിറ്റ് എസ്പി മധുസൂദനന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറാനാണ് സാധ്യത. മ്യൂസിയം പൊലീസ് അന്വേഷിച്ചിരുന്ന കേസ് തെളിയിക്കപ്പെടാത്ത കേസായി അവസാനിപ്പിച്ചിരുന്നു. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത വർധിച്ചത്. ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചു വെന്നാണ് വകുപ്പുതല പരിശോധനയിലെ കണ്ടെത്തൽ. മതിയായ ശാസ്ത്രീയ തെളിവുകൾ പോലും ശേഖരിക്കാത്ത കേസിൽ മൂന്നു വർഷങ്ങൾക്കിപ്പുറം സത്യാവസ്ഥ പുറത്തു കൊണ്ടുവരുക ക്രൈം ബ്രാഞ്ചിന് വെല്ലുവിളിയാണ്.

മൂന്നു വ‍ർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. നയനയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.

സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നുവെന്ന മ്യൂസിയം പൊലീസിന്റെ കണ്ടെത്തൽ സഹോദരൻ മധു തള്ളി. സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നില്ലെന്നും മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി.

നയനയുടെ കഴുത്തിൽ കണ്ട പാടുകൾ നയനയുടെ നഖം കൊണ്ടതാണെന്നായിരുന്നു അന്ന് പൊലീസ് അറിയിച്ചത്. ശരീരത്തിൽ ഉണ്ടായിരുന്നത് ചെറിയ മുറിവുകളാണെന്നും പൊലീസ് കളവ് പറഞ്ഞു. പൊലീസുകാരാണ് ഈ കേസിലെ ഒന്നാം പ്രതി. അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും മധു ആവശ്യപ്പെട്ടു. സമാനമായ അഭിപ്രായമാണ് നയനക്കൊപ്പം ആൽത്തറയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന സുഹൃത്തിനുമുളളത്. സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞു.

പോലീസ് രഹസ്യമാക്കിവെച്ചിരുന്ന മൃതദേഹപരിശോധനാ റിപ്പോർട്ട് നാലു വർഷത്തിനുശേഷം പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചത് എന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലുള്ളത്. കഴുത്തിനുചുറ്റും എന്തോ ഉരഞ്ഞുണ്ടായ മുറിവുകളും അടിവയറ്റിൽ കനത്ത ക്ഷതവും ഉണ്ടായിരുന്നു. ഇതിന്റെ ആഘാതത്തിൽ പാൻക്രിയാസിലും കിഡ്‌നിയിലും രക്തസ്രാവം ഉണ്ടായതായും മൃതദേഹപരിശോധനാ റിപ്പോർട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here