കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

0

കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് സർക്കാർ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണം. തിരിച്ചറിയാൻ കഴിയാത്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയെന്ന ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമർശനം. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്ന് കെപിഎ മജീദ് വിമർശിച്ചു.

ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും മജീദ് കുറ്റപ്പെടുത്തിയിരുന്നു.

മുജാഹിദ് സമ്മേളനത്തിൽ മുസ്ലിം സമുദായത്തിന് വേണ്ടി സംസാരിച്ച് കൈയടി വാങ്ങിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കിയുള്ള സംഗീത ശിൽപം അരങ്ങേറിയതെന്നായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ ആരോപണം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയതിൽ സൂക്ഷ്മതയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുജാഹിദ് വിഭാഗം കോ ഓർഡിനേഷൻ കമ്മറ്റിയിൽ നിന്ന് വിട്ടു നിന്നത് അവരുടെ സ്ഥിരമായ എതിർപ്പ് അല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. ബഹിഷ്‌കരണം ഇനിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here