ദുരിതത്തിന് കാരണം എൻഡോസൾഫാനാണോ?

0

കാസർകോട്: കഴിഞ്ഞ എത്രയോകാലമായി കേരളത്തിൽ സജീവ ചർച്ചയായ വിഷയമാണ് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം. പക്ഷേ വികാരപരമായി വിലയിരുത്തലുകൾ അല്ലാതെ ഇതിന്റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള കൃത്യമായ പഠനങ്ങളും ചർച്ചകളും കേരളത്തിൽ നടക്കാറില്ല. അതിലേക്ക് വെളിച്ചം വീശുന്നതായിരുന്നു, കഴിഞ്ഞ ദിവസം എസെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടത്തിയ സംവാദം. ‘കാസർകോട്ടെ ദുരന്തം യാർഥ്യമെന്ത്’ എന്ന് വിഷയത്തിൽ നടന്ന സംവാദത്തിൽ കാർഷിക ശാസ്ത്രജ്ഞൻ പ്രൊഫസർ കെ എം ശ്രീകുമാറും, പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ എൻ സുബ്രമണ്യനുമാണ് മാറ്റുരച്ചത്.

പ്രൊഫ. കെ എം ശ്രീകുമാർ, കഴിഞ്ഞ 22 വർഷമായി ഈ വിഷയത്തിൽ താൻ നടത്തിയ ഗവേഷണങ്ങളുടെ വിശദമായ ഡാറ്റകാണിച്ചുകൊണ്ട് ദുരന്തത്തിന് പിന്നിൽ എൻഡോസൾഫാൻ അല്ല എന്ന് സമർഥിച്ചു. കാസർകോട്ടെ കാൻസർ അടക്കമുള്ള രോഗികളുടെ എണ്ണം ദേശീയ ശരാശരിയിലും സംസ്ഥാന ശരാശരിയിലും വളരെ കൂടുതൽ അല്ല. കേരളത്തിലെ പല പഞ്ചായത്തുകളിലും ഇതുപോലെ രോഗികളെ കാണാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഡോസൾഫാൻ തളിച്ചിട്ടും എന്തുകൊണ്ട് കാസർകോട്ടുമാത്രം ഈ പ്രശ്നം ഉണ്ടാവുന്നു, എൻഡോസൾഫാനുമായി നിരന്തരമായ സമ്പർക്കം ഉണ്ടായിട്ടും ഈ തൊഴിലാളികൾക്ക് അസുഖം ഉണ്ടാവാത്തത് എന്തുകൊണ്ടാണ്, കാസർകോട്ടെ തളിച്ച പഞ്ചായത്തുകളും തളിക്കാത്ത പഞ്ചായത്തുകളും തമ്മിൽ രോഗങ്ങളുടെ നിരക്കിൽ കാര്യമായ വ്യത്യാസം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഡോ ശ്രീകുമാർ ചോദിച്ചത്.

കാൻസർ മുതൽ കാൽവിണ്ടുകീറൽ വരെ നൂറോളം രോഗങ്ങൾ ഒരു കീടനാശിനി ഉണ്ടാക്കുമോ. അങ്ങനെ ആണെങ്കിൽ വിദേശരാജ്യങ്ങൾ അത് തെളിക്കാൻ സമ്മതിക്കുമായിരുന്നോ. എൻഡോസൾഫാൻ തളി നിർത്തിയിട്ടും പിന്നെങ്ങനെയാണ് കാസർകോട്ട് രോഗികൾ ഉണ്ടാവുന്നത്. എൻഡോസൾഫാന്റെ ഐക്കണായി ചിത്രീകരിക്കപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന നാരായണ നായിക്ക്, ജനിച്ചത്, എൻഡോസൾഫാൻ തളി തുടങ്ങുന്നതിന് മുമ്പാണ്. ഇങ്ങനെ തളി തുടങ്ങുന്നതിന് മുമ്പ് ജനിച്ചവരെപ്പോലും എങ്ങനെയാണ് എൻഡോസൾഫാൻ ബാധിക്കുന്നത്. തളി അവസാനിപ്പിച്ചതിനുശേഷവും എന്തുകൊണ്ട് രോഗികൾ ഉണ്ടാവുന്നു. ഇത്തരം ചോദ്യങ്ങളാണ് ഡോ ശ്രീകുമാർ ചോദിക്കുന്നത്.

എന്നാൽ പരിസ്ഥിതി പ്രവർത്തകനും ആക്റ്റീവിസ്റ്റുമായ എൻ സുബ്രമണ്യനും ഡാറ്റവെച്ച് തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. കാസർകോട് ജില്ലയെ മൊത്തമായി എടുത്ത് താരതമ്യം ചെയ്യുമ്പോഴാണ് ദേശീയ ശരാശരിയേക്കാൾ കൂടതലായി രോഗികൾ ഇല്ല എന്ന് തോന്നുന്നത് എന്നും, തളിച്ച പഞ്ചായത്തുകൾ മാത്രം എടുക്കുമ്പോൾ രോഗം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മെഡിക്കൽ കോളജ് അടക്കം നടതിയ പഠനങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. എൻഡോസൾഫാൻ കൊണ്ട് വിവിധ രോഗങ്ങൾ ഉണ്ടാകുന്നതായി, വന്ന പഠനങ്ങളും അദ്ദേഹംഎടുത്തതുകാട്ടി. അതുപോലെ തന്നെ സ്റ്റോക്ക്ഹോം കൺവെഷനിൽ അടക്കം എൻഡോസൾഫാൻ നിരോധിക്കുന്നതിന് പറഞ്ഞ കാരണവും സുബ്രമണ്യൻ നിരത്തി. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തവും കൃത്യവുമായ പഠനം ഉണ്ടാകേണ്ടതാണെന്നും, എസെൻസ് ഗ്ലോബൽ പോലുള്ള സംഘടനകൾ അത്തരം പഠനങ്ങൾക്ക് മുൻകൈ എടുക്കണമെന്നും എൻ സുബ്രമണ്യൻ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകൻ എം റിജു സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു.

ഇൻസെപ്ഷൻ എന്ന പേരിട്ട ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന്റെ ഭാഗമായാണ് സംവാദം നടത്തിയത്. സെമിനാറിൽ, സി രവിചന്ദ്രൻ, ആരിഫ് ഹുസൈൻ, ചന്ദ്രശേഖർ രമേഷ്, മനൂജാ മൈത്രി, തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

Leave a Reply