പരീക്ഷാ പേ ചർച്ചയിൽ രജിസ്റ്റർ ചെയ്തത് 38 ലക്ഷം പേർ

0


ന്യൂഡൽഹി: പത്ത്, പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ നേരിടുന്ന കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റേണ്ടത് എങ്ങിനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉപദേശം നൽകുന്ന പരീക്ഷ പേ ചർച്ചയിൽ ഇക്കുറി പങ്കെടുക്കാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 38.80 ലക്ഷം പേർ. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണ് ഇത്തവണ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2018ൽ പ്രകാശ് ജാവഡേക്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ആദ്യത്തെ പരീക്ഷാ പേ ചർച്ച സംഘടിപ്പിച്ചത്.

ഇത് ആറാം തവണയാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചർച്ച വെയ്ക്കുന്നത്. ജനുവരി 27നാണ് ഡൽഹിയിലെ തൽക്കതോറ ഇൻഡോർ സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്തവരെല്ലാം പരിപാടിയിൽ പങ്കെടുക്കണമെന്നും മോദി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകൾക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. ഇക്കുറി പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനുള്ള തീയതി ജനവരി 27 വരെ നീട്ടി. 2022 നവംബർ 25 മുതലാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 30 വരെയാണ് രജിസ്‌ട്രേഷൻ നേരത്തെ അനുവദിച്ചിരുന്നത്.

ഇന്ത്യയിലെ മാത്രമല്ല, പുറം രാജ്യങ്ങളിലും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇടയിൽ ഈ പരിപാടി വൻ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. ഇക്കുറി രജിസ്റ്റർ ചെയ്ത 38 ലക്ഷത്തിലധികം വരുന്നവരിൽ 150 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും 51 രാജ്യങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നു. ഇക്കുറി വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാൻ ഇവർക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here