ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ പോര് നിയമപോരാട്ടത്തിലേക്ക്

0

ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ പോര് നിയമപോരാട്ടത്തിലേക്ക്. എംഎൽഎയുടെ പരാതിയിൽ കിറ്റെക്‌സ് ഗാർമെൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബിനെതിരെ കേസെടുത്തുവെന്നതാണ് അത്ഭുതകരം. അതും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം. പഞ്ചായത്തിൽ ചേർന്ന കൃഷി വകുപ്പിന്റെ യോഗത്തിൽ പങ്കെടുക്കാൻ എംഎൽഎ എത്തിയപ്പോൾ പ്രസിഡണ്ടുമാരും ട്വന്റി ട്വന്റി അംഗങ്ങളും ഒന്നടങ്കം എഴുന്നേറ്റ് പോയിരുന്നു. ഇതാണ് കേസിന് ആധാരമായ വിഷയം.

എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി.ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിനെ രണ്ടാം പ്രതിയാക്കിയാണ് കേസ്. വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, മെമ്പർമാരായ സത്യപ്രകാശ്, ജീൽ മാവേലിൽ, രജനി പി റ്റി എന്നിവർക്കെതിരേയും പരാതിയുണ്ട്. എംഎൽഎ വേദിയിൽ എത്തിയപ്പോൾ ഇവർ ബഹിഷ്‌കരിച്ചുവെന്നാണ് ആരോപണം. എംഎൽഎ വേദിയിലേക്ക് വന്നപ്പോൾ പ്രതിഷേധിച്ച് ട്വന്റി ട്വന്റിക്കാർ വേദിയിൽ നിന്ന് ഇറങ്ങി പോയി. ഈ ബഹിഷ്‌കരണം എങ്ങനെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കുറ്റകൃത്യമാകുമെന്ന സംശയമാണ് ഉയരുന്നത്.

അതിനിടെ പ്രതികരണവുമായി സാബു എം ജേക്കബ് എത്തിയിട്ടുണ്ട്. ‘എംഎ‍ൽഎ ആയപ്പോൾ തന്റെ വ്യാപാരം തടഞ്ഞു. കൊള്ളക്കാരെ പിടിക്കുന്ന രീതിയിൽ റെയ്ഡുകൾ നടത്തിയെന്നും പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും സാബു ജേക്കബ് കേസിനോട് പ്രതികരിച്ചു. ‘തന്നെ ഇല്ലാതാക്കാൻ നോക്കുന്നു. എംഎ‍ൽഎ ആയിട്ട് ചെറിയ കാര്യം പോലും ചെയ്യുന്നില്ല. പഞ്ചായത്ത് ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റേതാക്കുന്നു. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം സ്വന്തമാക്കുന്നെന്നും സാബു ആരോപിച്ചു. എൽ.ഡി.എഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും എംഎ‍ൽഎ താഴ്ന്ന ജാതിക്കാരൻ ആയതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും പാർട്ടി പരിപാടികൾ ബഹിഷ്‌കരിക്കും. മുഖ്യമന്ത്രി ആണേലും ബഹിഷ്‌കരിക്കുമെന്നും സാബു പറഞ്ഞു. ‘കേസ് നിയമപരമായി നേരിടും.എംഎൽഎ മണ്ഡലത്തിലെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ്. എംഎ‍ൽഎ ആണെന്ന് നെഞ്ചിൽ എഴുതി ഒട്ടിച്ചിട്ട് കാര്യമില്ല. പ്രവർത്തിയിൽ നന്മയില്ലാത്തയാളെ ബഹുമാനിക്കില്ലെന്നും സാബു പറഞ്ഞു.

കിമിനൽ ഗൂഢാലോചന നടത്തി, സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി മാനസികമായി തകർക്കാൻ ശ്രമിച്ചു, ജാതി വിവേചനം നേരിട്ടു തുടങ്ങിയ ആരോപണങ്ങളാണ് എംഎൽഎ പരാതിയിൽ ഉന്നയിക്കുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ പല പരിപാടികളിലും വിളിക്കാത്ത സദ്യ ഉണ്ണാൻ എത്തുന്ന ആളാണെന്ന തരത്തിൽ ‘വിളിക്കാച്ചാത്തം ഉണ്ണുന്നവൻ’ എന്ന് ജാതീയമായി പരിഹസിച്ചുവെന്നും ശ്രീനിജൻ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇത് കിട്ടിയ പാടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു പൊലീസ് എന്ന ആരോപണം ശക്തമാണ്.

‘സാബു എം ജേക്കബ് എന്നെ നിരന്തരം സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനും അകീർത്തിപ്പെടുത്താനും ശ്രമിച്ചുവരികയാണ്. ഇക്കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എന്നെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന തരത്തിൽ പരസ്യ പ്രസ്താവന നടത്തി, മണ്ഡലത്തിൽ നടക്കുന്ന പൊതുപരിപാടികളിൽ നിന്നും എന്നോടൊപ്പം വേദി പങ്കിടുന്നതിൽ നിന്ന് ട്വന്റി ട്വന്റി പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളേയും വിലക്കി പ്രസ്താവന പുറപ്പെടുവിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്നയാളാണെന്ന് അറിഞ്ഞുകൊണ്ട് അപമാനിക്കാനാണ് സാബു എം ജേക്കബ് ശ്രമിച്ചത്. ഇത് മാനഹാനിയുണ്ടാക്കി.’ എന്നും എംഎൽഎ പൊലീസിൽ പരാതിപ്പെട്ടു. ഇതിൻ അടിസ്ഥാനത്തിലാണ് സാബു എം ജേക്കബിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

‘ജനപ്രതിനിധിയെന്ന നിലയിൽ എന്റെ അവകാശമാണ് നിഷേധിക്കുന്നത്. ഞാൻ വേദിയിൽ ഇരിക്കുമ്പോൾ അവർക്ക് വേദിയിലേക്ക് വരാതിരിക്കാം. എന്നാൽ വേദിയിലേക്ക് കയറുന്ന സമയത്ത് വേദിവിട്ടത് അപമാനിക്കാൻ വേണ്ടിയാണ്. പഞ്ചായത്ത് പ്രസിഡണ്ട് തന്നെയാണ് എന്നെ ക്ഷണിച്ചത്. വിളിച്ചുവരുത്തി അപമാനിക്കേണ്ടിയിരുന്നില്ല. അതിനാലാണ് പരാതികൊടുത്തത്.’ ശ്രീനിജൻ പറഞ്ഞു.

ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ സർക്കാർ പരിടികളിലും ഔദ്യോഗിക യോഗങ്ങളിൽ നിന്നും നേരത്തേയും എംഎൽഎക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗങ്ങളിൽ പങ്കെടുക്കാതെ പഞ്ചായത്ത് പ്രസിഡന്റും ട്വന്റി ട്വന്റി അംഗങ്ങളും മാറി നിൽക്കുന്ന രീതി നേരത്തേയും ഉണ്ടായിരുന്നു. സാബുവിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ പഞ്ചായത്ത് പ്രതിനിധികൾ തന്നെ ബഹിഷ്‌കരിക്കുന്നതെന്ന് പി വി ശ്രീനിജൻ ആവർത്തിക്കുന്നു.

Leave a Reply