ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍

0


മലപ്പുറം: കാമുകനൊപ്പം ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി മരിച്ചനിലയില്‍. താനൂര്‍ സ്വദേശി സൗജത്താ(30)ണു മരിച്ചത്‌. കൊണ്ടോട്ടിക്കടുത്ത്‌ വലിയപറമ്പ്‌ ആലക്കപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതമാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന കാമുകന്‍ ബഷീറിനെ വിഷം കഴിച്ച്‌ ഗുരുതരാവസ്‌ഥയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴു മാസത്തോളമായി സൗജത്തും ബഷീറും ആലക്കപറമ്പിലെ ക്വാര്‍ട്ടേഴ്‌സിലാണു താമസിച്ചിരുന്നത്‌. ചൊവ്വാഴ്‌ച്ച രാത്രി ഏഴ്‌ മണിയോടെ ഇവിടെയെത്തിയ പരിചയക്കാരനാണു സൗജത്തിനെ മരിച്ച നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണു സൗജത്തിനൊപ്പം താമസിച്ചിരുന്ന ബഷീര്‍ വിഷംകഴിച്ച നിലയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണെന്നു കണ്ടെത്തിയത്‌. ചൊവ്വാഴ്‌ച്ച രാവിലെ കോട്ടക്കലില്‍വെച്ച്‌ വിഷം കഴിച്ചശേഷം ഇയാള്‍ സഹോദരിയെ വിളിച്ചു വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ബഷീറിനെ പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. 2018 ലാണ്‌ കേസിനാസ്‌പദമായ കൊലപാതകം നടന്നത്‌. സൗജത്തും കാമുകനും ചേര്‍ന്ന്‌ സൗജത്തിന്റെ ഭര്‍ത്താവായ താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ സവാദി (40) നെ കൊലപ്പെടുത്തിയെന്നാണു കേസ്‌. മകള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിനെ തലയ്‌ക്കടിച്ച ശേഷം മരണം ഉറപ്പ്‌ വരുത്താന്‍ കഴുത്തറുക്കുകയും ചെയ്‌തു.
വിദേശത്തായിരുന്ന ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട്‌ ദിവസത്തെ അവധിയില്‍ നാട്ടിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ ക്രൂരകൃത്യം നടത്തിയത്‌. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ്‌ കൊലപാതകം നടത്തിയതെന്ന്‌ സൗജത്ത്‌ നേരത്തെ പോലീസിനോട്‌ സമ്മതിച്ചിരുന്നു. കേസില്‍ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികള്‍.

Leave a Reply