മോക്‌ഡ്രില്‍ അപകടം: മന്ത്രി പറഞ്ഞതു തെറ്റ്‌ , ബിനുവിന്റെ ശ്വാസകോശത്തില്‍ മണലും ചെളിവെള്ളവും

0


പത്തനംതിട്ട: മണിമലയാറ്റില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്‌ഡ്രില്ലിനിടെ മുങ്ങിമരിച്ച തുരുത്തിക്കാട്‌ കാക്കരക്കുന്നേല്‍ ബിനു സോമ(34)ന്റെ ശ്വാസകോശത്തില്‍ മണലും ചെളിവെള്ളവും ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സൂചന. ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിക്കുന്നതനുസരിച്ചാകും അന്തിമ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.
ബിനു വെള്ളത്തില്‍ കുഴഞ്ഞുവീണ്‌ മരിച്ചതാണെന്ന മന്ത്രി കെ. രാജന്റെ നിലപാട്‌ തള്ളുന്നതാണു പോസ്‌റ്റ്‌മോര്‍ട്ടം സൂചന.
ബിനുവിനെ രക്ഷിക്കുന്നതിലുണ്ടായ കാലതാമസവും മരണത്തിനിടയാക്കി. നദിയുടെ അടിത്തട്ടിലെ ചെളിയില്‍ പുതഞ്ഞുപോയ ബിനുവിനെ 20 മിനുട്ടിന്‌ ശേഷമാണു പുറത്തെടുത്തത്‌. യാതൊരു മുന്നൊരുക്കവും തയാറെടുപ്പുമില്ലാതെയാണു ബിനുവടക്കം നാല്‌ നാട്ടുകാരെ വെള്ളത്തിലിറക്കിയത്‌.
എന്താണ്‌ ചെയ്യേണ്ടതെന്നും പറഞ്ഞുകൊടുത്തിരുന്നില്ല. തൊട്ടടുത്ത്‌ ഡിങ്കിയും ജീവനക്കാരുമുണ്ടായിട്ടും മുങ്ങിപ്പോയ ബിനുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അസ്വാഭാവികതയില്ലെന്ന്‌ മന്ത്രി കെ. രാജന്‍

മലപ്പുറം: പത്തനംതിട്ടയില്‍ മോക്ക്‌ ഡ്രില്ലിനിടെ യുവാവ്‌ മരിച്ച സംഭവത്തിന്റെ പ്രാഥമികാന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്തിയില്ലെന്നു മന്ത്രി കെ. രാജന്‍. കുഴഞ്ഞുവീണ്‌ മരിച്ചെന്നാണ്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കാടാമ്പുഴ മേല്‍മുറിയില്‍ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌ ഉദ്‌ഘാടനത്തിന്‌ എത്തിയതായിരുന്നു മന്ത്രി.

Leave a Reply