ഗര്‍ഭസ്‌ഥശിശുവിന്റെ മരണം : മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റ്മോര്‍ട്ടം നടത്തി

0


മൂവാറ്റുപുഴ: ഗര്‍ഭസ്‌ഥശിശു മരിക്കാനിടയായത്‌ സ്വകാര്യ ആശുപത്രി അധികൃതരുടെ വീഴ്‌ചയാണെന്നു കാട്ടി അമ്മ പരാതി നല്‍കിയതിനു പിന്നാലെ, അടക്കംചെയ്‌ത മൃതദേഹം പുറത്തെടുത്തു പോസ്‌റ്റ്‌മോര്‍ട്ടം നടത്തി.
പേഴയ്‌ക്കാപ്പിള്ളി പുന്നോപ്പടി സ്വദേശിനിയുടെ പൂര്‍ണ ഗര്‍ഭാവസ്‌ഥയിലുള്ള ശിശുവാണ്‌ ഇക്കഴിഞ്ഞ 23-ന്‌ മരിച്ചത്‌. പേഴയ്‌ക്കാപ്പിള്ളി സബൈന്‍ ആശുപത്രിയിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന്‌ ആശുപത്രിയിലുണ്ടായ അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ യുവതിയുടെ ഭര്‍ത്താവ്‌ കൊച്ചുമാരിയില്‍ നിയാസ്‌ ഉള്‍പ്പെടെ അഞ്ച്‌ ബന്ധുക്കളെ മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കു ജാമ്യം ലഭിച്ചു. പിന്നാലെയാണ്‌ ആശുപത്രി അധികൃതരുടെ അനാസ്‌ഥയ്‌ക്കെതിരേ യുവതി ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌, ജില്ലാ കലക്‌ടര്‍, ജില്ലാ പോലീസ്‌ മേധാവി എന്നിവര്‍ക്ക്‌ പരാതി നല്‍കിയത്‌.മരണകാരണം കണ്ടെത്താനാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം. പേഴയ്‌ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്‌ജിദില്‍ ഖബറടക്കിയ മൃതദേഹം ഇന്നലെ രാവിലെ 9.30-ന്‌ പുറത്തെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പതിനൊന്നോടെ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി വൈകുന്നേരം മൂന്നിനു വീണ്ടും കബറടക്കി.
മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ കെ.എ. സതീഷ്‌, ഡിവൈ.എസ്‌.പി. മുഹമ്മദ്‌ റിയാസ്‌, പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എന്‍. രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ മൃതദേഹം പുറത്തെടുത്ത്‌ ഇന്‍ക്വസ്‌റ്റ്‌ തയാറാക്കിയത്‌. അമ്മയുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വരുന്ന മുറയ്‌ക്ക്‌ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന്‌ അന്വേഷണസംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here