കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ വീണ്ടും നേപ്പാൾ പ്രധാനമന്ത്രി; തിങ്കളാഴ്ച സത്യപ്രതിജ്ഞ; മാവോയിസ്റ്റ് പാതയിൽ സായുധ പോരാട്ടത്തിന് ശേഷം ആയുധം ഉപേക്ഷിച്ച പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയാവുന്നത് ഇത് മൂന്നാം തവണ

0


കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് നേതാവായ പുഷ്പ കമൽ ധഹൽ പ്രചണ്ഡ വീണ്ടും നേപ്പാൾ പ്രധാനമന്ത്രി. പ്രചണ്ഡ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയാവുന്നത്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്റർ ചെയർമാനായിരുന്നു പ്രചണ്ഡ.

രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി പ്രചണ്ഡയെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രതിപക്ഷ പാർട്ടിയായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെയും മറ്റ് പാർട്ടികളുടെയും പിന്തുണയോടെയാണ് പുഷ്പ കമൽ ധഹൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ നേപ്പാളിൽ തൂക്കുസഭയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യ രണ്ടര വർഷം പ്രചണ്ഡയായിരിക്കും പ്രധാനമന്ത്രി എന്നാണ് ധാരണ. 275 അംഗമുള്ള സഭയിൽ 165 പേരുടെ പിന്തുണയും പ്രചണ്ഡ ഉറപ്പാക്കികഴിഞ്ഞു.

2008ലും 2016ലുമാണ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയാവുന്നത്. മാവോയിസ്റ്റ് പാർട്ടി സായുധ പോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് പ്രചണ്ഡ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 13 വർഷം പ്രചണ്ഡ ഒളിവിലായിരുന്നു. 1996-2006 കാലഘട്ടത്തിൽ ഇദ്ദേഹം സായുധ പോരാട്ടത്തിന് ശ്രമിച്ചിരുന്നു. എന്നാൽ 2006ൽ സമാധാന കരാറിൽ ഒപ്പുവെച്ച് പ്രചണ്ഡ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here