സിബി മാത്യൂസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി

0


ന്യൂഡല്‍ഹി: ഐ.എസ്‌.ആര്‍.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട്‌ ശാസ്‌ത്രജ്‌ഞന്‍ നമ്പി നാരായണനെതിരായ ഗൂഢാലോചനാക്കേസില്‍ മുന്‍ ഡി.ജി.പി: സിബി മാത്യൂസ്‌, ഗുജറാത്ത്‌ മുന്‍ ഡി.ജി.പി: ആര്‍.ബി. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച്‌ പോലീസ്‌ ഉദ്യോഗസ്‌ഥരുടെ മുന്‍കൂര്‍ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പി.എസ്‌. ജയപ്രകാശ്‌, എസ്‌. വിജയന്‍, തമ്പി എസ്‌. ദുര്‍ഗ എന്നിവരാണു ജാമ്യം റദ്ദാക്കപ്പെട്ട മറ്റ്‌ ഉദ്യോഗസ്‌ഥര്‍. ഇവര്‍ക്കു കേരളാ ഹൈക്കോടതി കഴിഞ്ഞവര്‍ഷം മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനെതിരേ സി.ബി.ഐയാണു സുപ്രീം കോടതിയെ സമീപിച്ചത്‌.
പ്രതികളുടെ ജാമ്യാപേക്ഷ പുതുതായി പരിഗണിച്ച്‌ നാലാഴ്‌ചയ്‌ക്കകം തീര്‍പ്പാക്കാന്‍ ജസ്‌റ്റിസുമാരായ സി.ടി. രവികുമാറും എം.ആര്‍. ഷായും ഉള്‍പ്പെട്ട ബെഞ്ച്‌ ഹൈക്കോടതിയോടു നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കുന്ന പക്ഷം, അഞ്ചാഴ്‌ചത്തേക്ക്‌ ഇവരുടെ അറസ്‌റ്റിനു വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്‌. കേസിന്റെ മെരിറ്റിലേക്കു കടക്കുന്നില്ലെന്നും അക്കാര്യത്തില്‍ ഉചിതമായ തീര്‍പ്പ്‌ കല്‍പ്പിക്കേണ്ടതു ഹൈക്കോടതിയാണെന്നും ഉത്തരവില്‍ പറയുന്നു. പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം അനുവദിച്ചതില്‍ ഹൈക്കോടതിക്കു ചില പിഴവുകള്‍ സംഭവിച്ചെന്നു സുപ്രീം കോടതി വിമര്‍ശിച്ചു.

Leave a Reply